തിങ്കളാഴ്‌ച, ജൂൺ 26, 2006

കൂട്ടുകാരി

താന്‍ ചിരിക്കുമ്പോഴൊക്കെ കൂടെ ചിരിക്കുകയും കരയുമ്പോള്‍ ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ട്‌ അവള്‍ കൂട്ടുകാര്‍ക്കിടയില്‍ വേറിട്ടു നിന്നു. ഇഷ്ടാനിഷ്ടങ്ങള്‍ വളരെ പെട്ടെന്ന് മനസിലാക്കി. തന്റെ ജന്മദിനങ്ങള്‍ മറ്റാര്‍ക്കും മുന്നേ ഓര്‍ക്കുന്നതവളായിരുന്നു. മുഖത്ത്‌ നോക്കി തന്റെ ചിന്തകളെ വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി. എങ്ങനെ മനസിലായെന്നുള്ള ചോദ്യത്തിന്‌ ഒരിക്കലും മങ്ങാത്ത ആ പുഞ്ചിരിയായിരുന്നു മറുപടി.

ഒരു ദിവസം അവള്‍ പറഞ്ഞു, "നീ എന്നും എന്റെ കൂട്ടുകാരനായിരിക്കണം". തനിക്കൊന്നും മനസിലായില്ല. "ഞാനവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണല്ലോ. പിന്നെന്താ!" കൂട്ടുകാരുടെ അര്‍ത്ഥം വച്ച നോട്ടങ്ങള്‍ക്കും കമെന്റുകള്‍ക്കും മുന്നില്‍ ഒരിക്കലും പതറിയിട്ടില്ല. അവളെന്റെ കൂട്ടുകാരിയാണ്‌, എന്നും.

മൂന്നു വര്‍ഷങ്ങള്‍ കടന്ന് പോയതറിഞ്ഞില്ല. പിരിയാന്‍ നേരം അവളുടെ കണ്ണില്‍ നനവുണ്ടായിരുന്നു. "നിനക്കിനിയും ഒരുപാട്‌ നല്ല കൂട്ടുകാരെ കിട്ടും" താന്‍ ആശ്വസിപ്പിച്ചു. ഈ കൂട്ടുകെട്ട്‌ ഒരിക്കലും മുറിയില്ല എന്ന ഉറപ്പും വാങ്ങിയാണവള്‍ നടന്നകന്നത്‌.

ഒരിക്കല്‍ ആരോ പറഞ്ഞാണറിഞ്ഞത്‌, വരുന്ന മാസം അവളുടെ കല്യാണമാണ്‌. "പോകണം, നല്ലൊരു സമ്മാനവും കൊടുക്കണം" താന്‍ തീരുമാനിച്ചു. ക്ലാസിലെ മറ്റു സ്നേഹിതര്‍ക്കു അവള്‍ കത്തുകളയക്കുകയും വിവാഹത്തിന്‌ ക്ഷണിക്കുകയും ചെയ്തു. പക്ഷേ, തനിക്കു മാത്രം ആ ക്ഷണം ഒരിക്കലും വന്നില്ല. എന്തു കൊണ്ടായിരുന്നു അവള്‍ ഏറ്റവും അടുത്ത സുഹൃത്തിനെ വിളിക്കാഞ്ഞത്‌? പിന്നീട്‌ കാണാന്‍ ശ്രമിച്ചപ്പോഴൊക്കെ ഒഴിഞ്ഞ്‌ മാറുകയാണുണ്ടായത്‌.

അവള്‍ എന്നെ പ്രണയിച്ചിരുന്നുവോ?!!

20 അഭിപ്രായങ്ങൾ:

Adithyan പറഞ്ഞു...

ആവാന്‍ വഴിയില്ല...
അവള്‍ മറ്റു ‘കൂട്ടുകാര്‍ക്ക്’ എല്ലാം അയച്ച് കാര്‍ഡ് ഒക്കെ തീര്‍ന്നു പോയിക്കാണും...

Adithyan പറഞ്ഞു...

ഒറപ്പല്ലേ... ;)

എത്രയോ കാര്‍ഡുകള്‍... :D

ഇടിവാള്‍ പറഞ്ഞു...

ബെസ്റ്റ്‌:
പോസ്റ്റും കൊള്ളാം, കമന്റും കൊള്ളാം...
നമോവാകം !

ചില നേരത്ത്.. പറഞ്ഞു...

കുഞ്ഞന്‍സേ
കാര്‍ഡ് വരും വരാതിരിക്കില്ല..പോസ്റ്റല്‍ സര്‍വീസ് ഡിലേ ആയതാകും ..നീ ക്ഷമി..

ഇടിവാള്‍ പറഞ്ഞു...

കുഞ്ഞന്‍സേ....
പറയാന്‍ വിട്ടു: താങ്കള്‍ ഉപയോഗിച്ചിരിക്കുന്ന, റ്റെമ്പ്ലേറ്റ്‌, കാണാനൊക്കെ കൊള്ളാം.... പക്ഷെ, വായിക്കുമ്പോള്‍, പല സ്ഥലങ്ങളിലും അക്ഷരങ്ങള്‍ തെളിയുന്നില്ല..

ഞാനും , ആദ്യം വന്നപ്പോള്‍, ഇതേ ടെമ്പ്ലേറ്റാ ഉപയോഗിച്ചത്‌. പിന്നീട്‌ മാറ്റി.

സു | Su പറഞ്ഞു...

കുഞ്ഞന്‍സേ :) കാര്‍ഡ് വന്നപ്പോള്‍ കുഞ്ഞന്‍‌സ് സ്ഥലത്തില്ലാതെ ആയിരിക്കും. പോസ്റ്റ്മാന്‍ വിചാരിച്ചുകാണും ഇത്രയും നല്ലൊരു കാര്‍ഡ് വന്നിട്ട് കല്യാണത്തിന് ആരും പോവാതിരുന്നാല്‍ മോശമല്ലേന്ന്. അയാള്‍ പോയിക്കാണും. പോട്ടെന്നേ. ഇനി എത്ര കാര്‍ഡ് കിട്ടാനിരിക്കുന്നു.

Sreejith K. പറഞ്ഞു...

ഹാജരാക്കപ്പെട്ട തെളിവുകളും സാക്ഷിമൊഴികളും വച്ച് നോക്കുമ്പോള്‍ അവള്‍ പ്രേമിച്ചിരിക്കാനാണ് വഴി. എന്നാല്‍ വാദിഭാഗം വക്കീല്‍ നിരത്തിയ ആരോപണമായ കാര്‍ഡ് തീര്‍ന്ന് പോകല്‍ കാണാതിരിക്കാനും കഴിയുന്നില്ല. ബൂലോക കോടതി ഒരു തീരുമാനമെടുക്കാതെ പിരിയുന്നു.

കഥ നന്നായി കുഞ്ഞാ, ചെറുതെങ്കിലും വലുതിന്റെ ഗുണം ചെയ്യുന്നു. മനോഹരം.

സു | Su പറഞ്ഞു...

അയ്യെ ഛെ! ആദ്യത്തെ പാരഗ്രാഫില്‍ പറഞ്ഞത് മുഴുവന്‍ അവസാനത്തെ പാരഗ്രാഫിലെ ഒരു വരികൊണ്ട് പാര വെച്ച് വീഴ്ത്തി. എന്നും കൂട്ടുകാരന്‍ ആയിരിക്കണം എന്നു വെച്ചാല്‍ത്തന്നെ ഇത്തരം നിസ്സാരക്കാര്യങ്ങള്‍ക്ക് അവളെ തെറ്റിദ്ധരിക്കരുത് എന്നാണ്. പോസ്റ്റ്മാന്‍ തന്നെ എടുത്തതായിരിക്കും കാര്‍ഡ്. പ്രേമിച്ചിട്ടുണ്ടെങ്കില്‍ അവള്‍ റെജി.ലെറ്റര്‍ അയക്കില്ലായിരുന്നോ ;)

bodhappayi പറഞ്ഞു...

ഗൊച്ചുഗള്ളാ ഈ ചോദ്യം നേരിട്ടു ചോദിക്കേണ്ടതായിരുന്നു പണ്ടേക്കുപണ്ടേ.

അജ്ഞാതന്‍ പറഞ്ഞു...

Ithu moshanamaanu

bodhappayi പറഞ്ഞു...

അനോണിമച്ചാ, വെളിച്ചത്തു വാ എന്റെ തങ്കം. ആ ലിങ്കൊന്നു താ എന്റെ ചക്കരെ. നമ്മുക്കു വായിച്ചു തീരുമ്മാനിക്കാടോ. പൊന്നുങ്കുടം കരയാതെ...

myexperimentsandme പറഞ്ഞു...

കുഞ്ഞന്‍സ്... ഇഷ്ടപ്പെട്ടു. ചെറുതെങ്കിലും മനോഹരം.

Ajith Krishnanunni പറഞ്ഞു...

കുഞ്ഞന്‍സ്‌, ചില സംശയങ്ങള്‍..

1. താന്‍ ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്നത്‌ ആ തമാശ നിങ്ങള്‍ ഒരുമിച്ചിരുന്നു കേട്ടിട്ടല്ലേ??

2. കുഞ്ഞന്‍സിനെ കല്യാണം വിളിക്കത്തത്‌ കാര്‍ഡ്‌ തീര്‍ന്നതു കൊണ്ടൊ, അഡ്രെസ്സ്‌ അറിയാത്തത്‌ കൊണ്ടൊ ആവാം.

3. കരയുമ്പോള്‍ ആശ്വസിപ്പിക്കുന്നത്‌ കരഞ്ഞ്‌ കരഞ്ഞ്‌ ബോറാക്കണ്ട കരുതി ആവും..

4. പിരിയാന്‍ നേരം അവളുടെ കണ്ണില്‍ നനവുണ്ടായത്‌ വല്ല പ്രാണിയും പോയതു കൊണ്ടാവാം.

Kalesh Kumar പറഞ്ഞു...

കുഞ്ഞാ, ദൈവം തമ്പുരാന്‍ നേരിട്ട് വന്നാലും അതിന് ഉത്തരം കിട്ടില്ല മോനേ!കാരണം അവരുടെ മനസ്സില്‍ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കാന്‍ പാവം ദൈവത്തിനെക്കൊണ്ട് പോലും സാധിക്കില്ല!
(നല്ല പോസ്റ്റ്!)

സു | Su പറഞ്ഞു...

കുഞ്ഞന്‍സ് ഇനി വിഷമിക്കരുത്. ദാ, അജിത്ത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ പറഞ്ഞ് തന്നില്ലേ ;)

ബിന്ദു പറഞ്ഞു...

വെറുതേ ആ പാവത്തിനെ തെറ്റിദ്ധരിചൂ..
:)

അജ്ഞാതന്‍ പറഞ്ഞു...

പ്രണിയിച്ചിറ്റുണ്ടാവും. പക്ഷെ ഇനി പോയി കല്യാണം മുടക്കാന്‍ ഒന്നും നിക്കണ്ട. സഫീലരിക്കാത്തെ പ്രണയത്തിന്റെ നീറ്റലും ഒരു സുഖമുള്ള വേദന അല്ലെ?

Unknown പറഞ്ഞു...

ആദിത്യാ, ഇടിവാള്‍ :) ഇങ്ങനെയൊക്കെ വിചാരിച്ച്‌ സമാധാനിക്കുന്നു. template മാറ്റണമെന്ന് ഞാനും വിചാരിക്കുന്നു. മഴനൂലുകളോടൊന്നു പറഞ്ഞ്‌ നോക്കട്ടെ

ഇബ്രു :) "വരുവാനില്ലൊരുനാളുമീവഴിക്കറിയാമതെന്നാലുമെന്നും" വെറുതേ വരുമെന്ന് വിചാരിക്കാം

വഴിപോക്കാ :) മിക്കവാറും എല്ലാര്‍ക്കും ഈ ഫീല്‍ഡ്‌ നല്ല പരിചയമായിരിക്കില്ലേ (ഒരു അനുഭവമെങ്കിലും)

സു, ബിന്ദു :) അത്‌ തെറ്റിദ്ധാരണയല്ലായിരുന്നു, വെറുമൊരു സംശയം മാത്രം. അപ്പോ രജിസ്റ്റ്രേഡ്‌ പോസ്റ്റുകള്‍ ഉണ്ടാകുന്നത്‌ അങ്ങനെയാണല്ലേ

ശ്രീജിത്ത്‌ :) കോടതിയുടെ തീരുമാനത്തെ മാനിക്കുന്നു.

കുട്ടപ്പായി :) പോയ ബുദ്ധി ഇനി വക്കാരി പിടിച്ചാലും വരുമോ

വക്കാരിമഷ്ടാ :) നന്ദി. ഓ.ടോ. അടുത്ത ബാംഗ്ലൂര്‍ മീറ്റില്‍ വക്കാരിയെയും പിടികിട്ടാപ്പുള്ളിയായി ഞങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുവാ.

അജിത്ത്‌ :) ഒരേ തമാശ കേട്ട്‌ ചിരിക്കാനും കരഞ്ഞ്‌ ബോറാക്കേണ്ട എന്നു വിചാരിക്കാനും ഒരാള്‍ കൂടെയുള്ളത്‌ നല്ലതല്ലേ? എന്തായാലും ആ പ്രാണിയെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍, അവനാണ്‌ പകുതി confusion-ന്‌ കാരണം :-)

കലേഷേട്ടാ :) അതു സത്യമാ, പാവം ദൈവം, പാവം ഞാന്‍

L.G :) അയ്യോ L.G ഞാനാ ടൈപ്പല്ലാ. പിന്നെ കല്യാണം ഒക്കെ കഴിഞ്ഞിട്ട്‌ നാള്‌ കുറേയായി കേട്ടോ

Unknown പറഞ്ഞു...

i mean കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞതാ, എന്റേതല്ല. (ശ്രീജിത്തിന്‍ ഒരു കണ്‍ഫ്യൂഷന്‍)

albyns പറഞ്ഞു...

ഈ കഥ എന്റെ ലൈഫ്-ഇല്‍ സത്യമാകുന്ന ദിവസവും കാത്ത് ഞാന്‍ ഇരിക്കുന്നു
എന്റെ മനസ്സ്‌ നിങ്ങളെങ്ങനെ അറിഞ്ഞു

ഇതു ഞാന്‍ എഴുതിയേനെ ..... അതറിയില്ലതാത് കൊണ്ട്‌ ....... നന്ദി സുഹൃത്തെ നന്ദി