വെള്ളിയാഴ്‌ച, മാർച്ച് 24, 2006

പേടി

അന്നൊരു അമാവാസിയായിരുന്നു. നിരത്തില്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയ സ്ഥലത്ത്‌ അര്‍ദ്ധരാത്രി ഒറ്റയ്ക്കു പുറത്തിറങ്ങിയതിന്‌ അയാള്‍ സ്വയം കുറ്റപ്പെടുത്തി. ദൂരെ ഒരു ബൈക്കിന്റെ ഇരമ്പം. അതയാളെ കൂടുതല്‍ ഭയപ്പെടുത്തി. അതാ ഒരു ബൈക്ക്‌ മുന്നിലെ വളവു തിരിയുന്നു. ആഗതന്‍ കറുത്ത തുണി മുഖത്ത്‌ കെട്ടിയിരിക്കുന്നു. അയാള്‍ക്കു ഒന്ന്‌ ആലോചിക്കാന്‍ സമയം കിട്ടും മുന്‍പേ അതിഭീകരമായ ശബ്ദത്തോടെ ബൈക്ക്‌ അയാളുടെ മുന്നില്‍ സഡന്‍ ബ്രേക്കിട്ടു. അയാള്‍ക്കൊന്ന് നിലവിളിക്കാന്‍ പോലും സമയം കിട്ടും മുന്‍പ്‌ അത്‌ സംഭവിച്ചു.

ആഗതന്‍ പറന്നു പോകാന്‍ തുടങ്ങുകയായിരുന്ന തുണി ഒന്നു കൂടി മുറുക്കിക്കെട്ടി ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഓടിച്ചു പോയി..


വാല്‍കഷ്ണം: ഇതൊരു നടന്ന സംഭവമാണ്‌ കേട്ടാ.. നിലവിളിക്കാന്‍ പോയത്‌ ഞാനാണെന്ന് ആര്‍ക്കും മനസിലായില്ലല്ലോ, അല്ലേ?

ശനിയാഴ്‌ച, മാർച്ച് 18, 2006

ജോസ്‌

ജോസ്‌ എന്റെ സഹപാഠിയും സഹമുറിയനും ആണ്‌. ജോസിന്റെ ജീവിതാഭിലാഷം അടുത്ത ഒരു ഐന്‍സ്റ്റീന്‍ ആകണമെന്നാണ്‌. ജോസ്‌ ഒരിക്കല്‍ ഇന്ത്യന്‍ റെയില്‍ വേ എങ്ങനെ നന്നാക്കാം എന്ന് കൂലങ്കഷമായി ചിന്തിച്ചതിന്റെ ഫലങ്ങള്‍

1. ഇന്ത്യന്‍ റെയില്‍ വേ ഒരുപാട്‌ പണം പാത ഇരട്ടിപ്പിക്കലിന്‌ വേണ്ടി ചിലവാക്കുന്നു.. അതൊഴിവാക്കാന്‍ എല്ലാ ട്രെയിന്റെയും മുകളില്‍ ഒരു പാളം ഇടുക. എതിരേ വരുന്ന ട്രെയിനുകള്‍ അതിന്റെ മുകളിലൂടെ പോകുക.

2. എല്ലാ ഇടത്തും പ്ലാറ്റ്‌ ഫോം കെട്ടുന്ന ചിലവ്‌ ഒഴിവാക്കാന്‍ പ്ലാറ്റ്‌ ഫോം ട്രെയിനില്‍ ഒട്ടിച്ച്‌ വയ്ക്കുക.

3. ആളുകള്‍ ട്രെയിനില്‍ കയറാന്‍ എടുക്കുന്ന സമയം കുറയ്ക്കാന്‍ ഓടുന്ന പ്ലാറ്റ്‌ ഫോം ഉണ്ടാക്കുക..

വ്യാഴാഴ്‌ച, മാർച്ച് 16, 2006

ഹരിശ്രീ

ബൂലോഗങ്ങളുടെ ഹരിശ്രീ ഇവിടെ കുറിക്കുന്നു. എല്ലാ സന്ദര്‍ശകര്‍ക്കും സ്വാഗതം

സസ്നേഹം
കുഞ്ഞന്‍