ബുധനാഴ്‌ച, ഫെബ്രുവരി 28, 2007

അവൾ പറഞ്ഞ കഥ

ആദ്യമായി അവനോട്‌ മിണ്ടുന്നത്‌ ഒരു യാത്രയ്ക്കിടയിലായിരുന്നു. ക്ലാസില്‍ നിന്നും പോയ ഒരു വിനോദയാത്ര. മഴനൂലുകളെ കീറിമുറിച്ച്‌ മല കയറുന്ന ബസിന്റെ ജാലകത്തിനടുത്തിരുന്ന് തണുത്ത്‌ വിറയ്ക്കുകയായിരുന്നു ഞാന്‍. സ്വന്തം ഷാള്‍ പുതയ്ക്കാനായി അവന്‍ തന്നപ്പോല്‍ "താങ്‌ക്‍സ്‌" എന്നു പറയാന്‍ പോലും നാവു പൊങ്ങിയില്ല. എന്റെ ദയനീയാവസ്ഥ കണ്ടിട്ടാവണം, അത്‌ സാരമാക്കേണ്ട എന്ന മട്ടില്‍ പുഞ്ചിരിച്ച്‌ കൊണ്ട്‌ അവന്‍ അടുത്ത്‌ വന്നിരുന്നു. വീട്ടുകാരെപ്പറ്റിയും, കൂട്ടുകാരെപ്പറ്റിയുമൊക്കെ അന്വേഷിച്ചു. മര്യാദയ്കെങ്കിലും തിരിച്ച്‌ എന്തെങ്കിലുമൊക്കെ ചോദിക്കണം എന്ന് ഉറപ്പിച്ചിട്ടും ഒന്നും ചോദിക്കാനാവാതെ ആ യാത്ര കഴിഞ്ഞു.

അല്ലെങ്കില്‍ തന്നെ എന്നെപ്പ്പോലെ മിണ്ടാപ്രാണിയായ ഒരു പെണ്‍കുട്ടി എങ്ങനെയാണ്‌ അവനോട്‌ മിണ്ടുക? എപ്പോഴും ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി എവിടെയും എപ്പോഴും തമാശയും ചിരിയും കൊണ്ടെത്തിക്കുന്ന ഒരാള്‍. ഞങ്ങള്‍ പെണ്‍കുട്ടികളുടെ ഇടയിലെ സീക്രട്ട്‌ റാങ്കിംഗ്‌ പ്രകാരം മിസ്റ്റര്‍ ക്ലാസ്‌. ഒരിടയ്ക്ക്‌ ക്ലാസിലെ റിപ്പോര്‍ട്ടറായിരുന്ന ലില്ലിയുടെ വാര്‍ത്തകള്‍ മിക്കവാറും അവനെ ചുറ്റിപറ്റിയുള്ളതായിരുന്നു. അവനെ പുറത്ത്‌ നിന്നും ഏതോ പെണ്‍കുട്ടി കാണാന്‍ വന്നു, അല്ലെങ്കില്‍ ജൂനിയര്‍ ബാച്ചിലെ ഒരു ക്ലാസ്‌ അവന്റെ സ്ഥിരം സന്ദര്‍ശന കേന്ദ്രമാണ്‌ അങ്ങനെ അങ്ങനെ. ഈ ഇന്‍വെസ്റ്റിഗേഷന്‍ മി.ക്ലാസിന്റെ അവസാനം ലില്ലി അവന്‍ ആരെയോ പ്രണയിക്കുന്നുവെന്ന നിഗമനത്തിലെത്തുകയാണുണ്ടായത്‌. എങ്കിലും പലരും ഒരു ചെറിയ പ്രതീക്ഷ ബാക്കി വച്ചിരുന്നു. അവനാകട്ടെ ക്ലാസിലെ പെണ്‍കുട്ടികള്‍ എല്ലാവരോടും ഒരുപോലെ പെരുമാറി. അവന്റെ തമാശകളെല്ലാം കേട്ട്‌ ഒരു മൂലയ്ക്കൊതുങ്ങിയിരുന്നതല്ലാതെ അങ്ങോട്ട്‌ കയറി എന്തെങ്കിലും പറയാനുള്ള ധൈര്യം എനിക്ക്‌ ഒരിക്കലും കിട്ടിയിരുന്നില്ല. അവനും എന്നോട്‌ സാധാരണയില്‍ കവിഞ്ഞൊന്നും ചോദിച്ചിരുന്നില്ല.

ബിരുദത്തിന്റെ അവസാന ആഴ്ചകള്‍ തിരക്ക്‌ പിടിച്ചവയായിരുന്നു. പ്രോജക്റ്റ്‌ റിപ്പോര്‍ട്ടുകള്‍, സെമിനാറുകള്‍, പരീക്ഷ, വൈവ അങ്ങനെ ഒരുപാട്‌ ജോലികള്‍. അവസാന പരീക്ഷ കഴിഞ്ഞുള്ള ഒരാഴ്ച ഞങ്ങളെല്ലാം ഒരുമിച്ച്‌ ഒരു ചെറിയ ഊരുചുറ്റലിന്‌ പദ്ധതിയിട്ടു. തിരിച്ച്‌ വരുന്ന വഴിക്ക്‌ തന്നെയായിരുന്നത്‌ കൊണ്ട്‌ അവന്റെ വീട്ടിലും കയറി. ഒരുപാട്‌ ഒച്ചയും ബഹളങ്ങളുമുണ്ടാക്കി. വീണ്ടും ക്ലാസില്‍ എത്തിപെട്ടു എന്ന തോന്നലിനോടൊപ്പം തന്നെ വിദ്യാര്‍ത്ഥി ജീവിതം ഇവിടെ തീരുകയാണെന്ന ചിന്ത കയറിവന്നു. തമാശകളുടെയും പൊട്ടിച്ചിരികളുടെയും തീവ്രത കുറഞ്ഞ്‌ വന്നു. "ഇനിയിതു പോലെ ഒരൊത്തുകൂടല്‍ എന്ന്?" എന്നൊരു ചോദ്യം എല്ലാ മുഖങ്ങളിലും തെളിഞ്ഞു നിന്നു. ചായയോടൊപ്പം ഒരു തേങ്ങലും കുടിച്ചിറക്കാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു.

ഞങ്ങളെ യാത്രയയയ്കാന്‍ അവനും റെയില്‍വേ സ്റ്റേഷന്‍ വരെ വന്നു. സമയം തെറ്റിക്കാതെ വന്ന തീവണ്ടി അന്നാദ്യമായി നിരാശയുണ്ടാക്കി. എല്ലാവരും തിക്കിതിരക്കി ട്രെയിനില്‍ കയറി ജനലിനടുത്ത്‌ വന്നു. ഒരിക്കലും മായില്ലെന്ന് ഞാന്‍ വിചാരിച്ചിരുന്ന അവന്റെ ചിരി മാഞ്ഞിരുന്നു. വണ്ടി വിടാറായപ്പോള്‍ അവന്‍ എല്ലാ ജനാലയ്കും അടുത്തെത്തി ഓരോരുത്തര്‍ക്കും ഹസ്തദാനം നല്‌കി. ഏറ്റവും ഒടുവില്‍ പിറകിലിരിക്കുന്ന എന്റെ അടുത്തെത്തി. യാന്ത്രികമായി ഞാന്‍ കൈ പുറത്തിട്ടു. കൈ പിടിച്ച്‌ കുലുക്കുമെന്ന എന്റെ പ്രതീക്ഷ തെറ്റിച്ച്‌ കൊണ്ട്‌ ആ കൈ അവന്‍ പതിയെ എടുത്ത്‌ സ്വന്തം ചുണ്ടോട്‌ ചേര്‍ത്തു. ഒരിക്കലും പറയാതിരുന്ന ഒരു സത്യം ഒരു മിന്നല്‍പ്പിണറായി മനസില്‍ തെളിഞ്ഞപ്പോഴേയ്ക്കും വണ്ടി നീങ്ങിക്കഴിഞ്ഞിരുന്നു. ഒരായിരം വാക്കുകള്‍ ഒരുമിച്ച്‌ ഹൃദയത്തില്‍ നിന്നും പുറത്തേയ്ക്‌ പാഞ്ഞെങ്കിലും തൊണ്ടയില്‍ ഞെരുങ്ങി. ഒന്നും പറയാതെ അവനില്‍ ദൃഷ്ടിയുറപ്പിക്കാന്‍ നോക്കിയെങ്കിലും തീവണ്ടി അവനെ ഒരു വിദൂരബിന്ദുവാക്കി മറച്ചു.

മഴ പെയ്യുന്നുണ്ടായിരുന്നു ഞാനറിയാതെ...