ശനിയാഴ്‌ച, മേയ് 31, 2008

ഒരു ബാംഗ്ലൂര്‍ വാരാന്ത്യം

ബാംഗ്ലൂര്‍ നഗരത്തിലെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു വെള്ളിയാഴ്ച. സന്ധ്യ കഴിഞ്ഞ സമയം. സോഫ്റ്റ്വെയര്‍ തൊഴിലാളികളുടെ വാരാന്ത്യത്തിന്റെ ആരംഭം. ശിവന്‍ രാവിലെ ഫ്ലാറ്റിലെ വാച്ചറുടെ ഭാര്യയുമായി ഉടക്കിയിട്ടിരിയ്ക്കുകയാണ്. രാവിലെ ഏതോ ഭിക്ഷക്കാരി കയറി ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് വസ്ത്രം മാറാന്‍ പോയി എന്നോ, അവിടെ വാച്ചറുടെ ഭാര്യ ഉണ്ടായിരുന്നിട്ടും ഒന്നും പറഞ്ഞില്ല എന്നോ ഒക്കെ ആണു് പ്രശ്നം. അല്ലെങ്കില്‍ തന്നെ ഇവിടെ ഇപ്പോ കളവു കൂടുതലാണു്. കുറച്ചു് നാള്‍ക്ക് മുന്‍പാണു് ഒരു മൊബൈല്‍ ഫോണ്‍ പോയത്. ഫ്രാന്‍സിയോടാണ് ശിവന്റെ പരിദേവനം . ഫ്രാന്‍സിയുടെ റൂം മേറ്റ് അവനു് മഞ്ഞപ്പിത്തം പിടിച്ചതില്‍ പിന്നെ നാട്ടില്‍ നിന്ന് ഒരു കുക്കിനെ കൊണ്ട് വന്ന് നിറുത്തിയിട്ടുണ്ട്. അങ്ങേരുണ്ടാക്കുന്ന ചപ്പാത്തി തിന്നണമെങ്കില്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് മിക്സിയില്‍ ഇട്ട് അരയ്ക്കേണ്ടി വരുമെന്ന് ഫ്രാന്‍സി. കൂട്ടുകാരന്റെ നാട്ടിലെ അയല്പക്കത്തുള്ള ഒരു അല്പം വയസ്സായ ഒരു ചേട്ടനാണു് കുക്ക്. പുള്ളിയ്ക്ക് താന്‍ വയ്ക്കുന്ന ആഹാരം ഫ്രാന്‍സി കഴിച്ചില്ലെങ്കില്‍ വിഷമം വരും. മൊത്തത്തില്‍ ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ.. രണ്ട് പേരും ഉരലും മദ്ദളവും പോലെ ഇങ്ങനെ സാധാരണ സോഫ്റ്റ്വെയര്‍ തൊഴിലാളിമാരുടെ ജീവന്മരണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനടുത്ത് തല്ക്കാലം എന്ത് തിന്നണമെന്ന് ആലോചിച്ചും കൊണ്ട് അരപ്പ്‌ കല്ലിനു കാറ്റ് പിടിച്ചത് പോലെ ഒരു മൂലയ്ക്ക് ഞാനും. ചര്‍ച്ചകള്‍ എങ്ങുമെത്തുന്നില്ല. “ടാ ഒരുത്തനും വെശക്കുന്നില്ലേ. എന്നാ ഞാന്‍ പോയി കഴിക്കട്ടെ” എന്റെ ക്ഷമ താഴോട്ട് പോയി ഏതോ പലകയുടെ മേല് ഇടിച്ചു...

...
...
...


“അളിയാ മദ്യമേ വിഷമേ, വിഷമേ മദ്യമേ, വിഷമദ്യമേ ” ശിവന്‍
“അങ്ങനെ നല്ല കാര്യം എന്തേലും പറ അളിയാ” ഫ്രാന്‍സി
“മയൂരിയില്‍ പോവാം, നടക്കാനുള്ള ദൂരമേ ഉള്ളൂ” ശിവന്‍
“ലിവനെയും കൂടെ കൊണ്ട് പൂവാം, അവിടെ ബില്ല് കണക്ക് കൂട്ടാനാരേലും വേണ്ടേ” ഫ്രാന്‍സി

...
...

ആളൊഴിഞ്ഞ കടപ്പുറത്ത് പോയി തെരയെണ്ണുന്നതിനേക്കാള്‍ ബോറു പരിപാടിയാണു് (ആളുണ്ടെങ്കില്‍ അതത്ര ബോറല്ല കേട്ടോ ;) ) ബാറില്‍ പോയി കുടിയന്മാരുടെ ഇടയ്ക്ക് കപ്പലണ്ടിയും കൊറിച്ച് ഇരിക്കുന്നത്.പിന്നെ പുകവലിയുള്ള ബാര്‍ ആണ്. പുകവലിയ്ക്കുന്നവരുടെ അടുത്തിരുന്നാല്‍ തന്നെ എനിക്ക് തലവേദന വരും. പിന്നെയാണ്‍ അവിടെ പോയി ഒന്ന് രണ്ട് മണിക്കൂര്‍ മണ്ണെണ്ണ ഒഴിച്ച ബജാജിന്റെ മൂട്ടിലൂടെ വരുന്ന കണക്കുള്ള പുകയില്‍ പോയി ഇരിക്കുന്നത്. പോരാത്തതിനു പോകുന്ന രണ്ടെണ്ണവും ഈനാം പേച്ചിയും മരപ്പട്ടിയും പോലത്തെ കൂട്ടാണു്. പണ്ട് കടല്‍ വെള്ളം കുടിച്ച് വറ്റിച്ച അഗസ്ത്യമുനിയ്ക്ക് ഒരു കോം‌പറ്റിഷന്‍ കൊടുക്കാന്‍ നോക്കിയിട്ടേ തിരിച്ച് വരവുണ്ടാകൂ. എന്തായാലും ഇനി ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ലവന്മാര്‍ രണ്ടും കല്പിച്ചാ. എന്റെ അടുത്തിരുന്ന് വെള്ളമടിച്ചിട്ട് ഒത്തിരി നാളായെന്നാണ് വാദം. എനിക്ക് തിന്നാനുള്ളതൊക്കെ സ്പോണ്‍സര്‍ ചെയ്യാമെന്ന് ഒരു വാഗ്ദാനവും (ബില്ലില്‍ അതിലും കൂടുതല്‍ പറ്റിക്കുമെന്ന പേടി). പോയേക്കാം എന്നു ഒരു ദുര്‍ബലനിമിഷത്തില്‍ തീരുമാനിച്ചു.. (അല്ലാതെ തീറ്റ ഒരു ദൌര്‍ബല്യമായത് കൊണ്ടൊന്നും അല്ല :) )

...
...

“ടേയ് നമ്മളെത്ര എണ്ണം കഴിച്ചു?”
“5 ഗ്ലാസ്, ഞാന്‍ ഫിറ്റായോ?”
“ഇല്ലളിയാ, ജില്ലുജില്ലെന്നിരിക്കുവല്ലേ”
“എന്നാപ്പിന്നെ ഓരോന്ന് കൂടെ കുടിക്കാം.. അല്ലേപ്പിന്നെ നമ്മളെന്തിനാ ഇങ്ങോട്ട്

വന്നത്”

...
...

“എടാ ആ ബില്ലൊക്കെ കൂട്ടി നോക്കിക്കേ.. ഇന്നാ കാശ് ” ഫ്രാന്‍സി പേഴ്സ് മുഴുവനായി എന്റെ കയ്യില്‍ തന്നു. (ഭാഗ്യം കാശ് കൊടുക്കണമെന്നൊക്കെ ഓര്‍മ്മയുണ്ട് :) )
...
...
...

“അളിയാ ഫ്രാന്‍സി എനിക്കൊരാഗ്രഹമുണ്ട്, നിന്നെ നിന്റെ വീട്ടില്‍ ഞാന്‍ കൊണ്ട് പോയി വിടും”
“ശിവാ എനിക്ക് വഴിയറിയാമെടാ.. ”
“അങ്ങനെ പറയരുതളിയാ, എനിക്ക് നിന്നെ ഇപ്പോ വീട്ടി കൊണ്ട് വിടണം”
“എനിക്ക് കരച്ചില്‍ വരുന്നെടാ നിന്റെ ഈ സ്നേഹം കണ്ടിട്ട്”
(കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്ക് ഒന്ന് മനസിലാക്കി കൊടുക്കേണമേ.. ഞാന്‍ ഈ രണ്ടെണ്ണത്തിനേം കെട്ടി വലിച്ചോണ്ട് മറ്റവന്റെ വീടുവരെ നടക്കണം, അത് കഴിഞ്ഞ് പിന്നെ തിരിച്ച് വീട്ടിലേയ്ക്കും)
...
...
...
ഫ്രാന്‍സിയുടെ വീടെത്തിയപ്പോഴേയ്ക്കും 12 മണിയ്ക്കടുത്തായിരുന്നു. പെട്ടെന്ന് ശിവന്റെ മട്ട് മാറി.. ഓടി ചെന്ന് വാതിലിനൊരു തൊഴി.. “എടാ $##@!%, നീയെന്റെ ഫ്രാന്‍സിയളിയനു് ഒണക്കച്ചപ്പാത്തി കൊടുക്കുമല്ലേടാ പട്ടീ”.. (അത് ശരി ഇതാരുന്നല്ലേ ഇത്രയും നേരം ആലോചിച്ച് നടന്നത്, ചുമ്മാതല്ല വീട്ടി കൊണ്ടാക്കാന്‍ തോന്നിയത്).. “അയ്യോ അളിയാ .. നമുക്ക് അത് നാളെ ചോദിക്കാം.. ഇന്ന് അയാള്‍ ഉറങ്ങട്ടേ..” ഫ്രാന്‍സിക്ക് ഇത്തിരി ബോധം ബാക്കിയുണ്ടെന്ന് തോന്നുന്നു.. “നിനക്ക് ഒണക്ക ചപ്പാത്തിയും തന്നിട്ട് ആ $&*^% മോന്‍ ഇപ്പം അങ്ങനെ സുഖിച്ച് കിടന്നുറങ്ങണ്ടടാ” ശിവന്‍ വിടുന്ന ലക്ഷണമില്ല.. “അയ്യോ, എനിക്ക് ചിരി വരുന്നേ” ഫ്രാ‍ന്‍സി പെട്ടെന്ന് പുറത്തേയ്ക്കോടി( ബോധം ബാക്കിയുണ്ടെന്ന് തോന്നിയത് എന്റെ മാത്രം തോന്നല്‍..).. ടാ ശിവാ, ഫ്രാന്‍സി എങ്ങോട്ടോ ഓടി പോയടാ.. പോയി നോക്കടാ... ഞാന്‍ ശിവനെ അവിടുന്ന് ഒരു തരത്തില്‍ മാറ്റി.. (ഒന്നുമില്ലേലും ഒരു ചിക്കന്‍ ബിരിയാണി വാങ്ങി തന്നതല്ലേ).. നോക്കിയപ്പോള്‍ ഫ്രാന്‍സി ഒരു പോസ്റ്റില്‍ രണ്ടു കയ്യും പിടിച്ച് നിന്ന് ചിരിച്ച് കൊണ്ടേയിരിക്കുന്നു... “എനിക്ക് വയ്യളിയാ എനിക്ക് ഒന്ന് ഇരുന്ന് ചിരിക്കണം” ഫ്രാന്‍സി അടുത്ത് കിടന്നിരുന്ന മണലിലേയ്ക്ക് പോയി ഒറ്റ വീഴ്ച.

“അയ്യോ പട്ടി”, മണലിന്റെതായ ഒരു കിരുകിരാ ഫീലിങ്ങിനു പകരം ഒരു പതു പതുപ്പ് ഉണ്ടായിരുന്നത് ഫ്രാന്‍സിയുടെ അടിച്ച് പാമ്പായ നാഡീ കോശങ്ങള്‍ അവന്റെ തലച്ചോറിലെത്തിക്കും മുന്‍പ് ആ പാവം ജീവിയുടെ “ങ്യാവോ” വിളി എന്റെ എന്റെ ചെവിയില്‍ എത്തിയിരുന്നു. പാവം പട്ടി - കഴിഞ്ഞ ജന്മത്തില്‍ ചെയ്ത എല്ലാ പാപവും തീര്‍ന്ന് ഇപ്പോള്‍ അതിനു മോക്ഷം കിട്ടി കാണും - അന്ന് ഓടിയ വഴിയില്‍ ഇതുവരെയും പുല്ല് മുളച്ചിട്ടില്ല.. അപ്പോഴേയ്ക്കും ഫ്രാന്‍സിയുടെ ചിരി കരച്ചിലായി മാറിയിരുന്നു.. “അളിയാ ആ പട്ടി പോലും എന്നെ തള്ളി മാറ്റിയെടാ, ഞാന്‍ ഇനി എന്തിനു ജീവിക്കണം” (പണ്ടാരമടങ്ങാന്‍ ഇതിനെയൊക്കെ മേയ്ക്കാന്‍ ഒരു ചിക്കന്‍ ബിരിയാണിയൊന്നും പോരാ) “ടാ ഫ്രാന്‍സി നീ നമ്മുടെ വീട്ടില്‍ കൊണ്ട് പോകാം, ഒന്നുമില്ലേലും നിന്റെ രണ്ട് കൂട്ടുകാരുടെ വീടല്ലേ” (സെന്റിയെങ്കില്‍ സെന്റി, ഇതിനെയൊക്കെ എവിടെങ്കിലും സെറ്റില്‍ ചെയ്യിച്ചിട്ട് വേണം എനിക്കുറങ്ങാന്‍)..

എങ്ങനെയൊക്കെയോ വേറെ അത്യാഹിതങ്ങളൊന്നുമില്ലാതെ രണ്ടിനെയും വീട്ടിലെത്തിച്ചു് ടി.വി ഓണാക്കി അതിന്റെ മുന്‍പില്‍ പ്രതിഷ്ഠിച്ചു.. പോയി ഒന്ന് കയ്യും കാലും കഴുകി വന്നപ്പോഴേയ്ക്കും ശിവനെ കാണുന്നില്ല.. രാവിലെ വാച്ചറുടെ ഭാര്യയോട് ഉടക്കിയത് ചോദിയ്ക്കാന്‍ പോയിരിക്കുകയാണു്.. ഈശ്വരാ ഈ കോലത്തില്‍ ചോദിയ്ക്കാന്‍ പോയാല്‍ ബാക്കി രാത്രി പെരുവഴിയില്‍ കഴിച്ച് കൂട്ടേണ്ടി വരും.. പോകേണ്ടി വന്നില്ല, വാച്ചര്‍ ശിവനോട് ചൂടാവുന്ന ഒച്ച കേള്‍ക്കാന്‍ തുടങ്ങി.. “അണ്ണാ ഇവന്‍ തണ്ണി” എന്നൊക്കെ പറഞ്ഞ് പിടിച്ച് കൊണ്ട് പോന്നു.. പിന്നെയാണ് കാര്യം മനസിലായത്, “ഒരു പിച്ചക്കാ‍രി പാര്‍ക്കിങ്ങില്‍ വന്ത് തുണി മാറാന്‍ പോനത് പാര്‍ത്തിട്ടും ഉങ്കളോടെ വൈഫ് ഒന്നും സൊല്ലമാട്ടാര്‍‍” എന്ന് പറയാന്‍ ഉദ്ദേശിച്ചവന്‍ പറഞ്ഞത് “ഉങ്കളോടെ ഭാര്യ പാര്‍ക്കിങ്ങില്‍ വന്ന് തുണി മാറത് പാര്‍ത്തിട്ടും ഞാന്‍ പിച്ചക്കാരിയോട് ഒന്നും സൊല്ലമാട്ടേന്‍” എന്നായിപ്പോയി (പാവം ശിവന്‍, മലയാളം പറഞ്ഞിട്ട് ശരിയാവുന്നില്ല.. പിന്നെയല്ലേ പാതിരാത്രിയ്ക്ക് തമിഴ്!!).. രണ്ടും അകത്തുണ്ടെന്ന് ഉറപ്പ് വരുത്തി എല്ലാ താഴുകളുമിട്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു..


പിന്‍‌കുറിപ്പ്: കാലചക്രത്തിന്റെ പ്രയാണങ്ങള്‍ക്കിടയില്‍ അതിലൊരാള്‍ പ്രവാസിയായി, ബ്ലോഗറായി, ഇന്ന് അവന്റെ വിവാഹം. അവനു വേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു