വെള്ളിയാഴ്‌ച, മേയ് 19, 2006

നീലക്കുറിഞ്ഞി

ഒരു യാത്ര പോകാമെന്നുള്ള നിര്‍ദ്ദേശത്തിന്‌ "ഹരിതാഭമായ, ഇളം തണുപ്പുള്ള ഒരിടത്ത്‌ പോകണ"മെന്നുള്ള കൂട്ടുകാരന്റെ ഉത്തരവായിരുന്നു മറുപടി. "ഈ ഉണക്കു കാലത്ത്‌ നീ പോയതാ" എന്നു മനസിലോര്‍ത്തപ്പോഴാണ്‌ ഒരു സഹപ്രവര്‍ത്തകന്‍ കൊടൈക്കനാല്‍ എന്ന ഉപദേശം തന്നത്‌. കൂടാതെ അവിടെ നീലക്കുറിഞ്ഞി (ശാസ്ത്രനാമവും പറഞ്ഞുതന്നു - Phloebophyllum kunthianum) പൂത്തിട്ടുണ്ടത്രേ. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണാന്‍ പറ്റുന്ന കാഴ്ചയാണ്‌. വലയില്‍ നിന്നും കാഴ്ചയുടെ ഒരു ഫോട്ടം തപ്പിയെടുത്തു. കൊള്ളാം അപ്പോള്‍ ബാര്‍ബര്‍ കൊടൈക്കനാല്

അവിടെ ചെന്ന് രാവിലെ ഒരു ടാക്സി ഒപ്പിച്ചു ഡ്രൈവറോട്‌ (അദ്ദേഹം നല്ല ചെന്തമിഴും ഞങ്ങള്‍ പച്ചമലയാളവുമാണ്‌ പറയുന്നത്‌) നീലക്കുറിഞ്ഞി കാണണം എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത്‌ ചൊവ്വാഗ്രഹജീവിയുടെ പേര്‌ കേട്ടാലത്തെ ഭാവം. ഈശ്വരാ ഇനി അറിയാവുന്നത്‌ Phloebophyllum kunthianum എന്ന പേരാണ്‌. അത്‌ മിണ്ടിയാല്‍ അടി ഉറപ്പ്‌. അതിലും നല്ലത്‌ ഒരു പഴം വായിലിട്ട്‌കൊണ്ട്‌ മലയാളം പറയുന്നതാണെന്നു വിചാരിച്ച്‌ നീളൈക്കുറിഞ്ചി എന്നൊക്കെ പറഞ്ഞ്‌ നോക്കി. പെട്ടെന്ന് ഒരു ഫിലിപ്സ്‌ 100W എവിടെയോ കത്തി. "കുറിഞ്ചിയാ? അതു നമ്മ ആണ്ടവന്‍ കോവില്‍ പക്കം" [ഇത്‌ തന്നെയാണ്‌ പറഞ്ഞതെന്ന്‌ ഉറപ്പില്ല, ഇങ്ങനെയാണ്‌ ഞാന്‍ കേട്ടത്‌] എന്നൊക്കെ പറഞ്ഞ്‌ വണ്ടി വിട്ടു.

എല്ലാം പെട്ടെന്നായിരുന്നു. വണ്ടി ഒരു ചെറിയ ക്ഷേത്രത്തിന്റെ മുന്നില്‍ എത്തി പാര്‍ക്ക്‌ ചെയ്തു. പോയി പാര്‍ത്തിട്ട്‌ വരാന്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ പേര്‌ "കുറിഞ്ചി ആണ്ടവര്‍ കോവില്‍" ഹാവൂ ഞാന്‍ കുറിഞ്ഞി കാണാന്‍ പോകുന്നു എന്നോര്‍ത്ത്‌ കൊണ്ട്‌ ക്ഷേത്രത്തിലേക്കു നടന്നു. പക്ഷേ ക്ഷേത്രത്തിനടുത്തെത്തിയിട്ടും അവിടെ ഒന്നും കാണുന്നില്ല. വഴിയേ നടന്നു പോയ ഒരാളെ വിളിച്ച്‌ കുറിഞ്ചി കുറിഞ്ചി എന്ന് വിളിച്ച്‌ കൂവി. അപ്പുറം പോണം എന്ന് പറഞ്ഞ്‌ "ഓരോ ജന്മങ്ങള്‍ കെട്ടിയെടുത്തോളും" എന്ന ഒരു ഭാവവും മുഖത്ത്‌ ഒട്ടിച്ചുവച്ച്‌ അദ്ദേഹം നടന്നു പോയി.

എന്റെ ഹൃദയമിടിപ്പ്‌ കൂടി. മാലോകരെല്ലാം 12 വര്‍ഷം കൂടുമ്പോള്‍ മാത്രം കാണുന്ന കാഴ്ച ഞാനും കാണാന്‍ പോകുന്നു. ക്ഷേത്രത്തിന്റെ ഇപ്പുറത്ത്‌ നിന്നു നോക്കുമ്പോള്‍ തന്നെ ഒരു താഴ്വര ആണ്‌ അപ്പുറം എന്ന് മനസിലാകും. വഴിയില്‍ കിടന്ന ചാണകത്തില്‍ ചവിട്ടിയതൊന്നും വകവയ്ക്കാതെ നടന്ന് മൂല തിരിഞ്ഞ്‌ അപ്പുറമെത്തിയപ്പോഴോ.. ദാ കിടക്കുന്നു.. ശൂന്യം.. കുറിഞ്ഞി പോയിട്ട്‌ അത്യാവശ്യത്തിന്‌ ചെവിയില്‍ വയ്ക്കാന്‍ ഒരു ചെമ്പരത്തിപ്പൂ പോലുമില്ല. വീണ്ടും ഒന്ന്‌രണ്ട്‌ പേരോട്‌ ചോദിച്ചപ്പോള്‍ ഒരാള്‍ ഒരു വീട്ടുമുറ്റത്തേയ്ക്കു കൂട്ടിക്കൊണ്ട്‌ പോയി. അവിടെ മുറ്റത്ത്‌ ബഹുഭാഷാ ബോര്‍ഡുകള്‍ വിരല്‍ ചൂണ്ടിതന്ന ഒരു ചെടി. ഒരു വലിയ ചെത്തിയുടെ പോലത്തെ എഴുന്നു നില്‍ക്കുന്ന തണ്ടുകളില്‍, ഇരുണ്ട പച്ച ഇലകള്‍ക്കിടയ്ക്ക്‌ നീലം കുടഞ്ഞ പോലെ മങ്ങിയ നീല-ഊത നിറമുള്ള പൂക്കള്‍. കാട്ടില്‍ മദിച്ച്‌ നടക്കേണ്ട സമയത്ത്‌ ആനക്കൂട്ടത്തില്‍ നിന്നും പിടിച്ച്‌ മൃഗശാലയിലിട്ടിരിക്കുന്ന ഒരു പാവം കുഞ്ഞാനയെ കണ്ട പ്രതീതി.

ഇതാണത്രേ നീലക്കുറിഞ്ഞി. നീലപ്പട്ടു വിരിച്ച മലമടക്കുകള്‍ കാണാന്‍ വന്ന ഞാന്‍ ആട്‌ കിടന്നിടത്ത്‌ പൂടയെങ്കിലും ഉണ്ടായത്‌ പൂര്‍വ്വജന്മസുകൃതം എന്നോര്‍ത്ത്‌ തിരിച്ച്‌ പോന്നു.

പിന്‍കുറിപ്പ്‌
അപൂര്‍വ്വത കൊണ്ട്‌ മാത്രം പ്രശസ്തമായ ഒന്നാണീ നീലക്കുറിഞ്ഞി എന്ന്‌ തോന്നുന്നു. ഇതിലുമെത്രയോ ഭംഗിയുള്ള പനിനീര്‍പ്പൂവിനും ശംഖുപുഷ്പത്തിനുമൊന്നും ഇതിന്റെ പത്തിലൊന്ന് പരിഗണന പോലും കിട്ടുന്നില്ല. കയ്യിലിരിക്കുന്ന പൊന്നിനേക്കാള്‍ കാണാമറയത്തെ കാക്കപ്പൊന്നോ നമുക്കു വലുത്‌?

4 അഭിപ്രായങ്ങൾ:

Sreejith K. പറഞ്ഞു...

ചിരിക്കണോ വിഷമിക്കണോ എന്നറിയില്ല. ആസ്വാദ്യകരമായി എഴുതിയിരിക്കുന്നു. നീലക്കുറിഞ്ഞിയുടെ ഒരു ചിത്രം കൂടി എടുക്കാമായിരുന്നില്ലേ? എന്നെപ്പോലെ കാണാത്തവര്‍ക്കും കാണാമല്ലോ.

Obi T R പറഞ്ഞു...

എനിക്കു തോന്നുന്നത്‌, ആ മലനിരകള്‍ മുഴുവന്‍ നീലക്കുറിഞ്ഞി പൂത്തു കിടക്കുന്നതു കാണാനാണ്‌ ഭംഗി അല്ലാതെ ഒന്നോ രണ്ടോ പൂവു കാണുന്നതിലല്ല എന്നാണ്‌. പിന്നെ ഇങ്ങനെയും കേട്ടിട്ടുണ്ടു, നീലക്കുറിഞ്ഞി എപ്പോഴും പൂക്കുന്ന ഒന്നാണ്‌, പക്ഷേ മൂന്നാര്‍ മുഴുവനായി പൂക്കുന്നതു 12 വര്‍ഷത്തില്‍ ഒരിക്കല്‍ ആണെന്ന്. എന്തായലും ഈ september ആകുമ്പോള്‍ നീലക്കുറിഞ്ഞി പൂത്തോ എന്നു നോക്കാന്‍ പോകണം എന്നു കരുതി ഇരിക്കുവാണു..

കുറുമാന്‍ പറഞ്ഞു...

ആരും എന്തായാലുംനീലകുറിഞ്ഞി പൂത്തതുകാണാന്‍ ഇപ്പോള്‍ മൂന്നാറില്‍ പോകേണ്ട......2011 ആഗസ്റ്റ് അവസാനം‍ പോയാല്‍ മതി.......

aneel kumar പറഞ്ഞു...

നാലഞ്ചു ദിവസം മുമ്പ് ഏതോ ഒരു ചാനലില്‍ പറഞ്ഞു, ഈ വര്‍ഷം മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നുവെന്ന്.

ഈ വര്‍ഷം പൂക്കുമെന്ന് ഇവരും പറയുന്നു.

“Neelakurunji (Phloebophyllum kunthianum) which flowers gregariously once in 12 years is expected to flower in September 2006. Entire hills will be carpeted with bluish flowers. This will be a veritable feast for the eyes.“

ഒബി പറഞ്ഞപോലെ അത് മലനിരകളാകെ നിറഞ്ഞുപൂക്കുന്നതു കാണാനേ ഭംഗിയുണ്ടാവൂ.

ഒരു ചിത്രം ഇവിടെ