വെള്ളിയാഴ്‌ച, ഓഗസ്റ്റ് 11, 2006

വൃത്തത്തിന്റെ വിസ്തീര്‍ണ്ണം

"ഇനി ഇവിടെ നൂറുഗ്രാമിന്റെ ടൂത്ത്‌പേസ്റ്റ്‌ ഒരു ട്യൂബായി വാങ്ങേണ്ട. അന്‍പത്‌ ഗ്രാമിന്റെ രണ്ടെണ്ണം വാങ്ങിയാല്‍ മതി" - സഹമുറിയന്റെ പ്രസ്താവന കേട്ട്‌ ആദ്യമൊന്ന് ഞെട്ടി. പിന്നെ നമ്മള്‍ മലയാളികളുടെ ജന്മവാസനയനുസരിച്ച്‌ അതിശക്തമായി എതിര്‍ത്തു (ക.ട. വക്കാരി). ഒരു 50 ഗ്രാം ട്യൂബിന്റെ വില 16 രൂപ, 100 ഗ്രാമിന്റെതിന്‌ വില 28 രൂപ എന്നൊക്കെ വാദമുഖങ്ങള്‍ നിരത്തിയിട്ടും അവനൊരു കുലുക്കവുമില്ല.

"എടാ നമ്മള്‍ എത്ര ടൂത്ത്‌പേസ്റ്റ്‌ ഒരു ദിവസം എടുക്കും? ബ്രഷിന്റെ നീളത്തിന്റെ അത്രയും, അല്ലേ? 100 ഗ്രാം ട്യൂബിന്റെ വാവട്ടം മറ്റേതിനെക്കാളും വലുതാണ്‌. ഒരു ഒന്നേകാലിരട്ടിയെങ്കിലും വരും. അതായത്‌ വിസ്തീര്‍ണം(area) ഒന്നര ഇരട്ടിയില്‍ കൂടുതല്‍ (വിസ്തീര്‍ണ്ണം = പൈ * R * R എന്നൊക്കെ അവന്‍ പഠിപ്പിച്ചു). അത്‌ ഒന്നര ഇരട്ടിയായി കൂട്ടിയാല്‍ തന്നെയും 33% കുറച്ച്‌ ദിവസങ്ങളേ പേസ്റ്റ്‌ ഉപയോഗിക്കാന്‍ പറ്റൂ. പക്ഷേ വിലയോ 12.5% മാത്രമേ കുറവുള്ളൂ. അപ്പോള്‍ ഏതാണ്‌ ലാഭം"

എന്റമ്മോ, ചുമ്മാതല്ല പണ്ട്‌ ആര്യഭടനും, ഭാസ്കരാചാര്യരുമൊക്കെ ഈ വൃത്തത്തിന്റെ വ്യാസവും വിസ്തീര്‍ണ്ണവുമൊക്കെ കണ്ടുപിടിച്ചത്‌. പേസ്റ്റിനൊക്കെ എന്താ വില?

7 അഭിപ്രായങ്ങൾ:

കല്യാണി പറഞ്ഞു...

ജോസായ നമ: :-)

പാപ്പാന്‍‌/mahout പറഞ്ഞു...

ഇങ്ങേരു തന്നെയല്ലേ പണ്ട് എതിരേവരുന്ന തീവണ്ടികള്‍ കൂട്ടിയിടിക്കാതെ മേല്‍ക്കുമേല്‍ കേറിപ്പോകുന്ന സംഭവത്തിന്റെ പേറ്റന്റ് എടുത്തതും? അപാര തല തന്നെ.

കണ്ണൂസ്‌ പറഞ്ഞു...

ബ്രഷിന്റെ ഒരറ്റം തൊട്ട്‌ മറ്റേ അറ്റം വരെ നീളത്തില്‍ പേസ്റ്റ്‌ തേക്കുന്ന പഴയ കോള്‍ഗേറ്റ്‌ പരസ്യത്തെ " ലോകത്തിലെ ഏറ്റവും എഫെക്റ്റീവ്‌ ആയ ഹിഡന്‍ മാര്‍ക്കറ്റിംഗ്‌ പരസ്യം" എന്ന് എന്റെ ഒരു മാഷ്‌ വിശേഷിപ്പിച്ചതോര്‍ക്കുന്നു.

100 ഗ്രാം ട്യൂബ്‌ വാങ്ങിച്ചിട്ട്‌ ഒരു കുന്നിക്കുരുവോളം പേസ്റ്റ്‌ എടുക്കാന്‍ പറയൂ കുഞ്ഞന്‍സേ കൂട്ടുകാരനോട്‌. അല്‍പ്പം പരിചയമായാല്‍, വാവട്ടം കൂടുതലാണെങ്കിലും 100 ഗ്രാം റ്റ്യൂബില്‍ നിന്നും 200 ഗ്രാം റ്റ്യൂബില്‍ നിന്നുമൊക്കെ നമുക്ക്‌ വേണ്ടത്ര പേസ്റ്റേ വെളിയില്‍ വരൂ.

.::Anil അനില്‍::. പറഞ്ഞു...

ബ്രഷിന്റെ നീളം പേസ്റ്റ് തേയ്ക്കുമെന്നങ്ങ് വെറുതേ ഊഹിച്ചാലേ ഈ കണക്കു ശരിയാവൂ.
ഇനിമുതല്‍ ബ്രഷ് ചെയ്യാന്‍ തുടങ്ങുന്ന ഓരോരുത്തരെയും നിരീക്ഷിച്ചോളൂ. ഒരു ‘ഡാബ്’ മാത്രമേ ആള്‍ക്കാരില്‍ ഭൂരിഭാഗവും ബ്രഷില്‍ വയ്ക്കാറുള്ളൂ. കൂടുതല്‍ പേരും കുറുകെയാവും പുരട്ടുക.
(ഇനി ഈ നിരീക്ഷണം ഒരു പൊട്ടനിരീക്ഷണമാണോ ആവോ)

ബിന്ദു പറഞ്ഞു...

എങ്ങനെ അനില്‍ജി? ബ്രഷിനു കുറുകേ പേസ്റ്റുവയ്ക്കുന്നതു ഭൂരിപക്ഷമാണോ? എന്നാല്‍ ഞാന്‍ ന്യൂനപക്ഷക്കാരി തന്നെ.പക്ഷേ കുഞ്ഞന്‍സേ ഇതു ബുദ്ധിയോ അതോ പിശുക്കോ? ;)

bodhappayi പറഞ്ഞു...

ഇപുള്ളിയെ ഒന്നു പരിചയപ്പെടണമല്ലോ കുഞാ... അടുത്ത മീറ്റിനു ചേര്‍ക്കാം.. :)

കുഞ്ഞന്‍സ്‌ പറഞ്ഞു...

കല്യാണി, പാപ്പാന്‍:) ഇത്‌ ജോസല്ല. മറ്റൊരാളാണ്‌. അപ്പച്ചന്‍ എന്ന് ഞങ്ങള്‍ വിളിക്കാം. ഇങ്ങനെയുള്ള കുറേ ജന്മങ്ങളുടെ കൂടെയാണ്‌ എന്റെ വാസം

ജോസിന്റെ ലേറ്റസ്റ്റ്‌ കണ്ടുപിടിത്തം ഇന്നലെയായിരുന്നു. അപ്ലൈഡ്‌ ഫിസിക്സ്‌ :

ഇന്ന് കാര്‍ ഉടമസ്ഥര്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്‌ പാര്‍ക്കിങ്ങ്‌. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഈ പ്രശ്നത്തെ നമ്മുടെ ഐന്‍സ്റ്റീന്റെ E=mc^2 കൊണ്ട്‌ സോള്‍വ്‌ ചെയ്യാം. കാര്‍ പാര്‍ക്ക്‌ ചെയ്യേണ്ടപ്പോള്‍ ആ കാറിനെ എനര്‍ജി ആക്കി മാറ്റി പോക്കറ്റിലിടുക. അതു കഴിഞ്ഞു വേേണ്ടും തിരിച്ച്‌ മാസ്‌ ആക്കി ഡ്രൈവ്‌ ചെയ്യുക.

കണ്ണൂസേ :) അത്‌ സത്യമാ :-) ഒരിക്കല്‍ ഒരു ടൂത്ത്‌ പേസ്റ്റ്‌ കമ്പനി സെയില്‍സ്‌ കൂട്ടാനായി ട്യൂബിന്റെ വാവട്ടം കൂട്ടിയതായി എവിടെയോ വായിച്ചിട്ടുണ്ട്‌.

അനിലേട്ടാ :) ഞാനും ആ ന്യൂനപക്ഷമാ. ഇനി ഈ കുത്തകമുതലാളിമാരുടെ പരസ്യത്തില്‍ വീഴാതെ ഞാനും കുറുകെ പേസ്റ്റ്‌ എടുക്കുന്നതായിരിക്കും

ബിന്ദു:) ഒരു രണ്ട്‌ രണ്ടേമുക്കാല്‍ പിശുക്ക്‌. പിന്നെ ഓ.ടോ. വേണ്ടെന്നു തീരുമാനിച്ചോ

കുട്ടപ്പായി :) ജോസിനെയാണോ, പുള്ളിയെ നമുക്കു പുള്ളാം. പക്ഷേ അവിടെ സംഭവിക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല