ശനിയാഴ്‌ച, ഏപ്രിൽ 01, 2006

കൊഞ്ച്‌ തീയല്‍

പണ്ട്‌ മുതലേ കൊഞ്ച്‌ എന്റെ ഒരു വീക്ക്‌നെസ്സ്‌ ആയിരുന്നു. അതുകൊണ്ട്‌ തന്നെ ഇത്തവണ വീട്ടില്‍ പോയപ്പോള്‍ കൊഞ്ച്‌ കിട്ടണേ എന്ന്‌ പ്രാര്‍ഥിച്ചിട്ടാണ്‌ നമ്മുടെ വോള്‍വോയില്‍ കാലെടുത്ത്‌ വയ്ച്ചത്‌ തന്നെ.

ദൈവം നമ്മുടെ കാര്യത്തില്‍ കുറച്ച്‌ കൂടുതല്‍ കരുണ കാണിച്ചതു കൊണ്ടോ എന്തോ ഒരു ദിവസം രാവിലെ കുഞ്ഞമ്മ കുറെ കൊഞ്ചുമായി വന്നു. എന്റെ വായില്‍ റ്റൈറ്റാനിക്കോടിക്കാം. മോന്റെ വായിലെ വെള്ളത്തില്‍ മുങ്ങിച്ചാവേണ്ടെന്ന് കരുതി അമ്മ വേഗം നന്നായി വറുത്തരച്ച്‌ കടുകൊക്കെ വറുത്ത്‌ നല്ല കൊഞ്ച്‌ തീയലുണ്ടാക്കി..

പിശുക്കന്‍ കാശെണ്ണി നോക്കുന്നത്‌ പോലെ ഞാന്‍ കൊഞ്ചിനെ എണ്ണിപ്പെറുക്കി തിന്നു കൊണ്ടിരുന്നപ്പോള്‍ ഒരു ഐഡിയ. ഈ കറി വയ്ക്കാന്‍ പഠിച്ചാല്‍ ബാംഗ്ലൂര്‍ എന്നും ഇതുണ്ടാക്കി തിന്നാം. കഴിച്ച്‌ തീര്‍ന്ന ഉടനെ ഒരു കടലാസും പേനയുമെടുത്ത്‌ അമ്മയുടെ അടുത്ത്‌ ചെന്ന് റെസിപ്പി ചോദിച്ചു. അമ്മച്ചി വളരെ വിശദമായി തേങ്ങ വറുക്കുക, അതില്‍ മുളകും മല്ലിയും ഇട്ട്‌ മൂപ്പിക്കുക. കൊഞ്ചു അടുപ്പത്ത്‌ വച്ച്‌ എണ്ണയൊഴിച്ച്‌ വേവിക്കുക.. പിന്നെ തേങ്ങ വറുത്തരച്ചത്‌ കലക്കി ഒഴിക്കുക എന്നൊക്കെ പറഞ്ഞു തന്നു. എല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം. "അമ്മാ ഇഞ്ചിയും ഉള്ളിയും ഇട്ടില്ലല്ലോ?!"

"അത്‌ ഞാന്‍ രാവിലെ ഇഞ്ചിക്കൂട്ടാന്‍ വച്ച ചട്ടിയായിരുന്നു, അതുകൊണ്ട്‌ അതിനകത്ത്‌ അതെല്ലാം ഉണ്ടായിരുന്നു." അമ്മച്ചിയുടെ കമന്റ്‌..എനിക്കൊന്നു മാത്രം മനസിലായി. ഞാന്‍ ആദ്യം ഇഞ്ചിക്കൂട്ടാന്‍ വെയ്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു..

4 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

ഹി ഹി അതാ നല്ലത്. ആ രുചി തന്നെ വേണമെങ്കില്‍ ആദ്യം ഇഞ്ചിക്കറി ഉണ്ടാക്കാന്‍ പഠിക്കൂ.

ദേവന്‍ പറഞ്ഞു...

കുഞ്ഞാ..
കൊഞ്ച്‌ എന്റേയും ഒരു ദൌര്‍ബല്യമാണ്‌. കടലിലെ പുലിക്കൊഞ്ചും കരിക്കാടീം പൂവാലനുമല്ല. കായലിലെ അരിപ്പു കൊഞ്ച്‌.

തേങ്ങാ വറുത്തരച്ചു വയ്ച്ചാല്‍ ബെസ്റ്റാ. അതില്‍ പച്ച കശുവണ്ടീടെ പിഞ്ചു പരിപ്പി കീറിയിട്ടാല്‍ സ്വര്‍ഗ്ഗമാ..

കൊഞ്ചു തീറ്റ കുറച്ചു ഞാന്‍ തേര്‍ട്ടി പ്ലസ്‌ ആയതില്‍ പിന്നെ - കൊഞ്ചല്‍ ഈസ്‌ ഇഞ്ചൂറിയസ്‌ റ്റു നെഞ്ച്‌ :( കൊളസ്റ്റ്രോള്‍ ഗ്യാസ്‌ ഗുമ്മന്‍ ഒക്കെ താവഴി സ്വത്താ ഞമ്മക്ക്‌.

Unknown പറഞ്ഞു...

നാട്ടില്‍ പോയിട്ട്‌ തീറ്റ ഉറക്കം ഇതു രണ്ടുമായിരുന്നു പരിപാടി... ഒരാഴ്ച കൊണ്ട്‌ 2 കിലോ കൂടി..

സു :) ഇത്തവണ പോയപ്പോള്‍ അമ്മ ഒന്നുകൂടി പഠിപ്പിച്ചു. ഒരു ദിവസം ആരുടെയെങ്കിലും മണ്ടയ്ക്കു ഒന്നു പരീക്ഷിക്കണം.

ദേവേട്ടാ:) സാധനം അതു തന്നെ അരിപ്പക്കൊഞ്ച്‌.

ദേവന്‍ പറഞ്ഞു...

ആഹാ, കുഞ്ഞന്‍ അതിനിടക്കു നാട്ടില്‍ പോയി കൊഞ്ചിയോ? ഭാഗ്യവാന്‍.

കൊഞ്ചിനെ കണ്ട്‌ സര്‍വ്വ കണ്ട്രോളും വിട്ട്‌
കൊഞ്ചി കൊഞ്ചി വയറുവേദനയും ഇളക്കവും പിടിച്ച്‌ ഞാന്‍ ഓടി നടന്ന് കരഞ്ഞിട്ടുള്ളത്‌ ബിച്ചു മാഷും ഇളയരാജാ സാറും കൂടി ഇങ്ങനെ പാട്ടാക്കിയിട്ടുണ്ട്‌

"കൊഞ്ചി കരയല്ലേ
മിഴികള്‍ നനയല്ലേ
ഇളമലമിളകല്ലേ.."