ബുധനാഴ്‌ച, ഒക്‌ടോബർ 08, 2008

ബന്ധനം

ശിശിരകാലമായതിനാല്‍ നേരത്തെ തന്നെ ഇരുട്ടും തണുപ്പും എത്തുന്നു. എത്ര രസകരമായ ജോലിയും മടുക്കുന്ന വൈകുന്നേരങ്ങള്‍. വിരസത ജോലിയുടെ വേഗതയെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍, ഇനി അത്താഴം കഴിച്ചിട്ടാകാമെന്ന് കരുതി പതിയേ ഓഫീസില്‍ നിന്നിറങ്ങി. സന്ധ്യ കഴിഞ്ഞതേയുള്ളൂവെങ്കിലും വീട്ടിലേയ്ക്കുള്ള വഴിയില്‍ ഇരുട്ട്. പോരാത്തതിനു മഴയും പെയ്തിരിക്കുന്നു. തിരക്കിട്ട് വീട്ടിലേക്ക് നടക്കുമ്പോഴാണ് അവളെ കണ്ടത്, വഴിയരികില്‍ നനഞ്ഞൊലിച്ച്, അര്‍ദ്ധബോധാവസ്ഥയില്‍. പതിയെ കൈ കൊണ്ട് തൊട്ടുനോക്കി, അറിയുന്നത് പോലുമില്ലാ. എന്ത് വേണമെന്നറിയാതെ ഒരു നിമിഷം! എന്തും വരട്ടേ വീട്ടില്‍ കൊണ്ട് പോകാം എന്ന് തീരുമാനിച്ചു. വാരിയെടുക്കുമ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ കൈയിലൊതുങ്ങി. മയക്കത്തിലാണു്. നേരിയ ഒരു ഞരക്കം മാത്രം.

വീട്ടിലെത്തിയിട്ടും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എന്തായാലും ആദ്യം തണുപ്പ് മാറാനുള്ള പരിപാടികള്‍ ചെയ്യാം എന്ന് വിചാരിച്ചു. ഒരു കമ്പിളി തുണിയില്‍ അവളെ കിടത്തി. ഹീറ്റര്‍ ഓണ്‍ ചെയ്തു. മുറിയില്‍ തണുപ്പൊന്നും കടക്കാതെ അടച്ചു. തിരികെ അടുക്കളയില്‍ വന്ന് ആഹാരമുണ്ടാക്കി. ആഹാരമുണ്ടാക്കി കഴിഞ്ഞിട്ടും അവള്‍ നല്ല ഉറക്കം. ആദ്യം കിടന്ന തുണി ശരീരത്തില്‍ നിന്നുള്ള വെള്ളം കൊണ്ട് നനഞ്ഞിരിക്കുന്നു. വേറെയൊരു തുണിയിലേയ്ക്ക് മാറ്റി കിടത്തി. ആഹാരം കഴിച്ചു കഴിഞ്ഞു ചെന്ന് നോക്കിയപ്പോഴും അവള്‍ നല്ല ഉറക്കം. ഓഫീസ് ജോലി തീര്‍ന്നിട്ടില്ല. എഴുന്നേല്ക്കുമ്പോള്‍ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നറിയുമ്പോള്‍ എന്താകുമോ പ്രതികരണം. പക്ഷേ പോകാതെ പറ്റില്ല. അത്യാവശ്യം കുറച്ച് ജോലികള്‍ ഇനിയും ബാക്കിയാണു്. കുറച്ച് ഭക്ഷണവും വെള്ളവും അവള്‍ കിടക്കുന്നതിനടുത്ത് കൊണ്ട് വച്ചിട്ട് ഓഫീസിലേയ്ക്ക് പോയി.

ഓഫീസില്‍ ജോലികളൊക്കെ ഒരുവിധം ഒതുക്കിയതിനു ശേഷം ചേട്ടനെ വിളിച്ചു കാര്യം പറയാമെന്ന് വിചാരിച്ചു. വിവരങ്ങളൊക്കെ അറിഞ്ഞപ്പോള്‍ ചേട്ടന്‍ ചൂടായി. അങ്ങനെ വീട്ടില്‍ കൊണ്ടുപോയത് ശരിയായില്ല, എനിക്കിഷ്ടമല്ല. അവള്‍ വളര്‍ന്ന സാഹചര്യം നിന്റേത് പോലെയല്ലാ. ഉണരുമ്പോള്‍ മുറിക്കകത്ത് അടച്ചിട്ടിരിക്കുന്നത് കാണുമ്പോള്‍ പേടിക്കും; അതിനാല്‍ ഉണരുന്നതിനു മുന്‍പ് പുറത്ത് കൊണ്ട് കളഞ്ഞേക്കൂ എന്നൊക്കെ. എനിക്കും ദേഷ്യം വന്നു “ഇവിടെ സ്ഥിരതാമസമാക്കാന്‍ എടുത്തു കൊണ്ട് വന്നതൊന്നുമല്ല, രാവിലെ അവരുടെ കൂട്ടുകാരുടെ അടുത്ത് കൊണ്ട് വിടും, പക്ഷേ ഇന്ന് രാത്രി അവള്‍ ഇവിടെ തന്നെയായിരിക്കും”. ചൂടായി ഫോണ്‍ വച്ചിട്ട് ഞാനും ഇറങ്ങി പോന്നു.

മുറിയിലെത്തിയപ്പോഴേയ്ക്കും അര്‍ദ്ധരാത്രി ആയിരുന്നു. മുറിയില്‍ കിടത്തിയ ഇടത്ത് അവള്‍ ഇല്ല. നോക്കിയപ്പോള്‍ മുറിയുടെ ഒരു മൂലയ്ക്ക് പതുങ്ങിയിരിക്കുന്നു. കൊണ്ടുവച്ച ഭക്ഷണമൊന്നും തൊട്ടിട്ടില്ല. വരൂ എന്ന് പറഞ്ഞു നീട്ടിയ കൈയില്‍ നിന്നും അവള്‍ പിടഞ്ഞു മാറി. വേട്ടയാടപ്പെടുന്ന ഒരു ഭാവം. അവളെ പുറത്ത് വിടണമെന്നാണു എന്നോട് പറയാനുള്ളത് എന്ന് എനിക്കു മനസിലായി. മുറിയുടെ വലിയ ജനല്‍ ഞാന്‍ തുറന്നിട്ടു. അവള്‍ക്കൊരു അനക്കവും ഇല്ല. ഇരുന്നിടത്ത് തന്നെ പതുങ്ങി ഇരിക്കുകയാണു. ഞാന്‍ പോയി കട്ടിലില്‍ കിടന്നു. ഇടക്ക് നോക്കിയപ്പോള്‍ കണ്ടു അവള്‍
ജനലില്‍ കയറിയിരിക്കുന്നു. എനിക്ക് ഉറക്കം വരുവോളം ഞാന്‍ നോക്കിയപ്പോഴൊക്കെ അവള്‍
അവിടെത്തന്നെയുണ്ടായിരുന്നു. ഉണര്‍ച്ചയ്ക്കും ഉറക്കത്തിനുമിടയിലെപ്പോഴോ ഒരു ചിറകടിയൊച്ച. ഞെട്ടിയുണര്‍ന്നപ്പോള്‍ അവള്‍ പറന്നകലുകയായിരുന്നു. അവളുടെ കൂട്ടുകാര്‍ ചേക്കേറിയിരിക്കുന്ന ചില്ലകളിലേയ്ക്ക്. “പാവം കുരുവി” ഞാന്‍ വിചാരിച്ചു.

സമര്‍പ്പണം: “ആ കിളി എഴുന്നേറ്റ് അതിനെ അടച്ചിട്ടിരിക്കുവാണെന്ന് കണ്ട് പേടിച്ച് ചത്ത് പോകുന്നതിനു മുന്‍പ് തുറന്ന് വിടെടാ” എന്ന് പറഞ്ഞ ചേട്ടനു്
“ബന്ധുരക്കാഞ്ചനക്കൂട്ടിലാണെങ്കിലും ... ” തുടങ്ങിയ കവിതകളൊക്കെ അവസരം മുതലെടുത്ത് ചൊല്ലിക്കേള്‍‍പ്പിച്ചെങ്കിലും പറഞ്ഞത് സത്യമായിരുന്നു

7 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ഞാന്‍ പ്രതീക്ഷിച്ചത് ഒരു പൂച്ചക്കുഞ്ഞിനെ ആയിരുന്നു.
:)

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: ഞാനും പ്രതീക്ഷിച്ചത് പൂച്ചയേയോ പട്ടിയേയോ ആണ്... പക്ഷേ...
“അവള്‍ വളര്‍ന്ന സാഹചര്യം നിന്റേത് പോലെയല്ലാ” ---- ഹിഹിഹി.....

(പണ്ട്) സുന്ദരന്‍ പറഞ്ഞു...

തിരക്കിട്ട് വീട്ടിലേക്ക് നടക്കുമ്പോഴാണ് അവളെ കണ്ടത്, വഴിയരികില്‍ നനഞ്ഞൊലിച്ച്, അര്‍ദ്ധബോധാവസ്ഥയില്‍. പതിയെ കൈ കൊണ്ട് തൊട്ടുനോക്കി, അറിയുന്നത് പോലുമില്ലാ. എന്ത് വേണമെന്നറിയാതെ ഒരു നിമിഷം!

വായിച്ചുതുടങ്ങിയപ്പോള്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു പോയ്.... അവസാനം ആളെ വട്ടാക്കിക്കളഞ്ഞു....

lakshmy പറഞ്ഞു...

വായിച്ചു തുടങ്ങിയപ്പോഴേ ഞാനും പ്രതീക്ഷിച്ചത് ഒരു പൂച്ചക്കുഞ്ഞിനെയാണ്

ചിരിപ്പൂക്കള്‍ പറഞ്ഞു...

വായിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ “പൂച്ചക്കുഞ്ഞിനെയല്ല പ്രതീക്ഷിച്ചത്”. ഏട്ടന്‍ “പുറത്ത് കൊണ്ട്പോയി കളഞ്ഞേക്കൂ “ എന്ന് പറഞ്ഞത് വായിച്ചപ്പോള്‍ ഉള്ള പ്രതീ‍ക്ഷയും നഷ്ട്മായി..
കൊള്ളാം മാഷേ . അവതരണം മനോഹരമായിരിക്കുന്നു.

നിരഞ്ജന്‍.

കുഞ്ഞന്‍സ്‌ പറഞ്ഞു...

ശ്രീ, :)
ചാത്താ, നീ പട്ടിയും പൂച്ചയുമാണെങ്കില്‍ കൊണ്ടുവരും, വേറെയാരെങ്കിലുമാണെങ്കില്‍ കളഞ്ഞിട്ടു വരും, അല്ലേടാ, വര്‍ഗ്ഗ സ്നേഹം.. ;)

സുന്ദരോ, ഊതിയതാണല്ലേ ;)

ലക്ഷ്മി :)

ചിരിക്കുന്ന പൂക്കളേ :)

അരുണ്‍ കായംകുളം പറഞ്ഞു...

ഹാ ഹാ ഹാ,നമുക്കിട്ട് ആക്കിയതാണല്ലേ?വെറുതെ പ്രതീക്ഷിച്ചു.പോട്ടെ സാരമില്ല.