വെള്ളിയാഴ്‌ച, മാർച്ച് 21, 2008

കൊച്ചു കൊച്ചു മുറിവുകള്‍

രാധ നല്ല സന്തോഷത്തിലായിരുന്നു. നാലാം ക്ലാസിലെ പരീക്ഷകളൊക്കെ തീര്‍ന്നു. നാളെ മുതല്‍ വല്യ അവധിയാണ്‍. വല്യമ്മയുടെ ഇളയ മോന്‍ സതീഷ് വെക്കേഷന്‍ തിരുവനന്തപുരത്ത് നിന്നും ഇങ്ങോട്ട് വന്ന് നില്‍ക്കാമെന്ന് ഏറ്റിട്ടുണ്ട്. സാധാരണ അവധിക്കാലം രാധയ്ക്ക് അലര്‍ജിയാണു്. പള്ളിക്കൂടത്തില്‍ പോയാല്‍ ഒത്തിരി കൂട്ടുകാരുണ്ട്, ഒരുപാട് കളികള്‍ കളിയ്ക്കാം, ഓടാം, ചാടാം. വീട്ടിലാണെങ്കില്‍ അവള്‍‍ തനിയെ... രാവിലെ തന്നെ അച്ഛന് വേലയ്ക്ക് പോകണം. അമ്മയ്ക്ക് എപ്പോഴും പണി കാണും.. പറമ്പിലോ മറ്റോ പണിക്കാരുള്ള സമയമാണെങ്കില്‍ പറയുകയും വേണ്ട.. വെയിലാണെങ്കില്‍ അമ്മ പുറത്തേയ്ക്ക് വിടില്ല.. അപ്പോഴൊക്കെ ഉള്ള ഏറ്റവും അടുത്ത കൂട്ട് റ്റിന്റുവാണ്‍.. ആരാണ്‍ റ്റിന്റുവെന്നല്ലേ.. അത് രാധയുടെ പാവക്കുട്ടിയാണ്‍, ഇളം നീല ഉടുപ്പുള്ള ഒരു കരടിക്കുട്ടി.. ഇളയ മാമന്‍ ജര്‍മനിയില്‍ നിന്നും കൊണ്ട് തന്നത്.. പകല്‍ സമയം മുഴുവന്‍ രാധ മിണ്ടുന്നത് അവനോടാണ്‍ ‍... അമ്മ അടിച്ചാല്‍ പോലും പോയിരുന്ന് കരയുന്നത് അവന്റെ അടുത്താണ്‍... കയ്യിലെടുത്താല്‍ കണ്ണുകള്‍ തിളങ്ങുന്ന കണ്ണുള്ള അവനെ താഴെ വച്ചാല്‍ ആ നിമിഷം കണ്ണടച്ച് ഉറങ്ങും, പിന്നെ പിടിച്ച് കുലുക്കിയാലൊന്നും ഒരു രക്ഷയുമില്ല...

എങ്ങനെയെങ്കിലും വെള്ളിയാഴ്ച ആയെങ്കില്‍ സതീഷ് വന്നേനെ.. അവന്‍ വരുമ്പോള്‍ എന്തൊക്കെ ആണ്‍ കളിക്കേണ്ടത് എന്നാലോചിച്ച് രാധ തല പുകയ്ക്കാന്‍ തുടങ്ങി... പകല്‍ പുറത്തൊന്നും കളിക്കാന്‍ പോകാന്‍ അമ്മ വിടില്ല.. അച്ഛന്‍ കൊണ്ട് വന്ന കഥ ബുക്കുകള്‍ ഇരിപ്പുണ്ട്.. അച്ഛനെ സോപ്പിട്ട് ഒരു ചിത്ര പുസ്തകവും കുറച്ച് ചായപെന്‍സിലുകളും ഒപ്പിച്ചു.. അല്ലറ ചില്ലറ കളിപ്പാട്ടങ്ങള്‍ - ബലൂണ്‍, വിസില്‍, പിന്നെ റ്റിന്റുവുമുണ്ട്.. ഇതൊക്കെ മതിയായിരിക്കും.. അവിടെയൊക്കെ ഇവര്‍ എന്തൊക്കെയാണൊ എന്തോ സ്ക്കൂളടപ്പിന്‍ ചെയ്യുന്നത്!!

സതീഷ് വന്നത് ഒരുത്സവത്തിന്റെ ബഹളം വച്ചു കൊണ്ടായിരുന്നു.. ഷൂവും, ജീന്‍സും ഒക്കെയായിട്ട് ചേട്ടന്‍ ഭയങ്കര പത്രാസ്.. എങ്കിലും വന്ന ഉടനെ രാധയ്ക്ക് വല്യമ്മ കൊടുത്ത് വിട്ട ചോക്കളേറ്റും ബിസ്ക്കറ്റുമൊക്കെ കൊണ്ട് തന്നു.. ആദ്യത്തെ ബഹളം ഒന്നടങ്ങിയതോടെ അമ്മ രണ്ടു പേരെയും തന്നെ വിട്ടു.. അവര്‍ രണ്ടു പേരും കൂടി പോയി രാധയുടെ കളിപ്പാട്ടങ്ങളെല്ലാം എടുത്ത് വച്ച് നോക്കാന്‍ തുടങ്ങി.. “ഹായ് നല്ല കരടി‍” റ്റിന്റുവിനെ സതീഷ് പൊക്കിയെടുത്തു.. “നമുക്ക് ഇവനെ മരം കയറ്റാം” സതീഷ് അവനെയും കൊണ്ട് പുറത്തെ മാവിന്റെ മൂട്ടിലേയ്ക്ക് ഓടി.. “വേണ്ട ചേട്ടാ” പിറകേ രാധയും ഓടി “ആ മാവില്‍ മുഴുവന്‍ പൊടിയാണ്‍ അതില്‍ കേറിയാല്‍ റ്റിന്റുവിന്റെ ഉടുപ്പൊക്കെ അഴുക്കാകും”.. സതീഷ് അത് കാര്യമാക്കിയില്ല.. അവനെയും കൊണ്ട് മാവില്‍ കയറുക തന്നെ ചെയ്തു.. ഏറ്റവും മോളിലെ കൊമ്പു വരെ വലിഞ്ഞ് കയറി അവനെ കൊണ്ട് അവിടെ വച്ചു.. രാധയ്ക്ക് പെട്ടെന്ന് സങ്കടം വന്നു.. റ്റിന്റുവിനെ‍ മുറിയ്ക്കകത്ത് പോലും താഴെ വയ്ക്കാറില്ല... “ചേട്ടാ അവന്റെ ഉടുപ്പില്‍ അഴുക്കാവുന്നു”.. പോരാത്തതിനു പൊടിയടിച്ച് കൊണ്ടുള്ള കാറ്റും, എന്തായാലും‍ ചേട്ടന്‍ വേഗം അവനെയും കൊണ്ട് ഇറങ്ങി വന്നു.. “നമുക്ക് ഇവന്‍ ഒരു ഗുഹയുണ്ടാക്കി അതിനകത്തിരുത്താം”.. അവന്‍ വേഗം പോയി മുറ്റത്ത് കൂട്ടിയിരുന്ന മണല്‍ കൂമ്പാരത്തിനു മുകളില്‍ ഇരുത്തി മണല്‍ കുഴിച്ച് ഗുഹയുണ്ടാക്കാ‍ന്‍ തുടങ്ങി.. രാധയ്ക്ക് കരച്ചില് വന്നു.. “ചേട്ടാ അവന്റെ പാന്റ്സില്‍ ചെളി ... ”‍ .. അവള്‍ ഒരു പത്രം എടുത്ത് കൊണ്ട് പോയി അവനെ അതിന്റെ മേലിരുത്തി...

അന്ന് മുഴുവന്‍ അവര്‍ റ്റിന്റുവിന്റെ കൂടെ കളിച്ചു. കൂടുതലും വീടിനു പുറത്ത്. വൈകുന്നേരമായപ്പോള്‍ റ്റിന്റുവിന്റെ പുറം‍ മുഴുവന്‍ മണ്ണും പൊടിയുമായിരുന്നു... രാധയ്ക്ക് ഉറങ്ങാന്‍ കിടന്നപ്പോഴും കരച്ചില്‍ വന്നു.. എല്ലാവരും കിടന്നപ്പോള്‍ പതുക്കെ എഴുന്നേറ്റു.. ഇരുട്ടത്ത് റ്റിന്റുവിനെ തപ്പിയെടുത്തു.. പതുക്കെ അവനെ കൊണ്ട് പോയി അച്ഛന്റെ വലിയ മേശയുടെ അകത്തെ അറയില്‍ ഒളിപ്പിച്ചു... ഇനി സതീഷ് ചേട്ടന്‍ പോയിട്ടേ എടുക്കുന്നുള്ളൂ...

ചേട്ടന്‍ പിറ്റേന്ന് എഴുന്നേറ്റ് കളിക്കാന്‍ ആദ്യം തിരക്കിയത് കരടിക്കുട്ടിയെയാണ്‍.. അതിനെ അച്ഛന്‍ എടുത്ത് അലക്കാന്‍ കൊടുത്തിരിക്കുവാ എന്ന് പറഞ്ഞെങ്കിലും ചേട്ടന്‍ വിശ്വാസമായില്ല.. ചിത്ര പുസ്തകവും മറ്റ് കളിപ്പാട്ടങ്ങളുമൊക്കെ കൊടുത്തെങ്കിലും സതീഷിന്‍ ഒരു സന്തോഷക്കുറവ്.. അവന്‍ കുറച്ച് നേരം കളിച്ചിട്ട് അവന്‍ ടിവിയുടെ മുന്നില്‍ പോയി ഇരുന്നു... വൈകിട്ട് അമ്മയോട് പോയി പറഞ്ഞു, അവന്‍ മാമന്റെ വീട്ടില്‍ പോകേണ്ടത് കൊണ്ട് നേരത്തെ തിരിച്ച് പോകണമെന്ന്...

അമ്മ പിറ്റേന്ന് രാധയെയും കൊണ്ടാണ്‍ സതീഷിനെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയത്.. രാധ അച്ഛന്‍ കൊണ്ടു വന്ന ചായ പെന്‍സിലുകള്‍ കൊണ്ട് പോകാന്‍ കൊടുത്തു... അവിടെ ചെന്ന് രാധ ചായയും കുടിച്ച് ഇരുന്നപ്പോ പെട്ടെന്ന് വല്യമ്മ വന്നു.. “മോള്‍ മോളുടെ കളിപ്പാട്ടം അവന്‍ കളിക്കാന്‍ കൊടുക്കാതെ ഒളിപ്പിച്ചു അല്ലേ.. അവനും ഒരു കൊച്ചല്ലേ.. അവന് ഇനി ഒരിക്കലും അങ്ങോട്ട് വരില്ല എന്ന് പറഞ്ഞു ”. പിന്നെയും വല്യമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേട്ടില്ല. ടിന്റു ചീത്തയായി പോയാല്‍ രാധയ്ക്ക് മറ്റൊരു കൂട്ടില്ല എന്ന് ഇവര്‍ക്കാര്‍ക്കും മനസിലാവാത്തതെന്താ.... വല്യമ്മ ദേഷ്യപ്പെട്ട് അകത്തേയ്ക്ക് പോയി. അകത്ത് അമ്മയുടെ സ്വരം “അക്കാ അവള്‍ ഒറ്റയ്ക്കല്ലേ.. നമ്മളെ പോലെ അങ്ങനെ കൊടുത്തും വാങ്ങിച്ചും ശീലിച്ചിട്ടില്ല”. “നീ ഇങ്ങനെ അവളെ ഇങ്ങനെ ഒറ്റ തിരിഞ്ഞ ശീലം പഠിപ്പിച്ചോടീ. വളരുമ്പോള്‍ നെനക്ക് പോലും ഒന്നും തരില്ല നോക്കിക്കോ”. രാധ കരയാതെ ഒരുതരത്തില്‍ വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ വന്നയുടനെ ഓടി പോയി സങ്കടം പറയാനായി റ്റിന്റുവിനെ തപ്പിയെടുത്തു.. അവന്റെ ചെളി പിടിച്ച ഉടുപ്പ് കണ്ടപ്പോള്‍ അവള്‍ സങ്കടം കൂടി.. കരഞ്ഞിട്ടും കരഞ്ഞിട്ടും സങ്കടം തീരാതെ അവള്‍ അവനോട് ചോദിച്ചു.. “ഞാനെന്താ ഒറ്റക്കുട്ടിയായി പോയത്?” അവനാകട്ടെ ഒരു ദിവസം മുഴുവന്‍ മണ്ണിലും ചേറിലും കിടന്ന ക്ഷീണത്തില്‍ കണ്ണുകളിറുക്കിയടച്ച് ഉറങ്ങാന്‍ തുടങ്ങി.

2 അഭിപ്രായങ്ങൾ:

Deepak പറഞ്ഞു...

katha?

Unknown പറഞ്ഞു...

കഥ എഴുതണമെന്ന് കരുതി തുടങ്ങിയതാ ദീപക്.. ആയി എന്ന് ഉറപ്പില്ല :)