ശനിയാഴ്‌ച, മേയ് 07, 2011

നന്നായി ചെലവഴിയ്ക്കപ്പെട്ട ചില്ലറപ്പൈസകൾ


ഒരിക്കൽ ഒരു വിനോദയാത്ര പോയപ്പോൾ, ചെറിയ മരത്തിന്റെ കനം കുറഞ്ഞ തടി പുറന്തൊലിയോടെ മുറിച്ച് മുകളും താഴെയും ചെത്തി "you are my friend" എന്നൊക്കെ എഴുതി ഒരു കുഞ്ഞു പൂവൊക്കെ വരച്ച് വച്ചിരിക്കുന്നത് കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു. (അല്ലെങ്കിലും ഇങ്ങനെയുള്ള നുറുങ്ങ് സാധനങ്ങളോട് ഇഷ്ടം ഇത്തിരി കൂടുതലാണു്. അച്ഛന്റെ കയ്യിൽ നിന്നും കിട്ടിയ ഒരു സ്വഭാവം). കൂട്ടത്തിൽ വരാത്ത ഒരാൾക്കായി അത് ആ നിമിഷം തന്നെ വാങ്ങിച്ചു. തിരിച്ചു വന്നപ്പോൾ അത് കൂട്ടുകാരനു കൊടുക്കുകയും ചെയ്തു. വളരെ നാളുകൾക്ക് ശേഷം ഒരിക്കൽ അവന്റെ വീട്ടിൽ പോയപ്പോൾ ആ സാധനം അവന്റെ കമ്പ്യൂട്ടറിന്റെ മുന്നിൽ ശ്രദ്ധയോടെ പൊടിയൊന്നും പിടിക്കാതെ തുടച്ച് വൃത്തിയാക്കി വച്ചിരിക്കുന്നു. ആളുടെ മുറിയിലോ മേശപ്പുറത്തോ ഒരിക്കലും ഞാൻ കൗതുകവസ്തുക്കൾ കണ്ടിട്ടില്ലെന്നു പറഞ്ഞാലെ എന്റെ നടുക്കം പൂർണ്ണമാകുന്നുള്ളൂ

----------------------------------


ഒരു സ്ഥലത്തെ ജോലി തീർന്നു വരുമ്പോൾ ഒരു തമാശയ്ക്ക് എന്തെങ്കിലും ഓരോരുത്തരുടെ മേശപ്പുറത്ത് ഇട്ടിട്ട് പോകാമെന്ന് കരുതിയിരുന്നു. യാത്രയുടെ തലേ ദിവസം രാത്രിയിൽ ഓഫീസിൽ പോയി കുഞ്ഞു നൂൽപ്പാവകൾ, ചെറിയ കീചെയിനുകൾ അങ്ങനെ പലതും കൊണ്ടിട്ടിരുന്നു. കൂട്ടത്തിൽ, ട്രെക്കിംഗ് ഹോബിയായ കൂട്ടുകാരന്റെ മേശപ്പുറത്ത് ഒരു കുഞ്ഞു ബുദ്ധപ്രതിമയും മലകയറ്റത്തിൽ കിട്ടിയ ഒരു വെള്ളാരങ്കല്ലും വെച്ചിട്ട്, ബുദ്ധപ്രതിമ ഇന്ത്യയിൽ നിന്നും വെള്ളാരങ്കല്ല് ഒരു മലയിൽ നിന്നും വന്നതാണെന്ന് മാത്രം ഒരു തുണ്ടുപേപ്പറിൽ (Post it) എഴുതിവച്ചിട്ട് പോന്നു.

അവനുമായി ഇ-മെയിൽ ഇടപാടുകൾ നടത്തിയപ്പോഴൊന്നും ബുദ്ധപ്രതിമയെപ്പറ്റിയോ ആ വെള്ളാരങ്കല്ലിനെപ്പറ്റിയോ ഒരിക്കലും സംസാരിച്ചില്ല. മറ്റു മിക്കവരും ഇതിനിടയിൽ താങ്ക്സ് പറഞ്ഞുകൊണ്ട് മെയിലയച്ചിരുന്നു.

ആറു മാസങ്ങൾക്ക് ശേഷം ആ കൂട്ടുകാരന്റെ വീട്ടിൽ ചെന്നപ്പോൾ ബുദ്ധപ്രതിമയും വെള്ളാരങ്കല്ലുമൊക്കെ കാണുന്നതിനു മുൻപ് ഒരു തുണ്ടു കടലാസാണു് കണ്ണിൽ പെട്ടത്.. ഞാനെഴുതിയ തുണ്ടുപേപ്പർ അവനു് എപ്പോഴും കാണത്തക്കവണ്ണം പിയാനോയുടെ ലിറിക്സ് വയ്ക്കുന്ന സ്റ്റാൻഡിൽ ഒട്ടിച്ച് വയ്ച്ചിരിക്കുന്നു, സ്വന്തം ഗേൾഫ്രണ്ടിന്റെ പടത്തിനു താഴെ !!!!

------------------------------------------

ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു :))