വ്യാഴാഴ്‌ച, ഫെബ്രുവരി 18, 2010

അനിശ്ചിതത്വം

തന്റെ കൂട്ടുകാരന്‍ വരുന്നതും നോക്കിയിരിക്കുകയായിരുന്നു പൂച്ച. അവന്‍ വൈകുന്നേരം സ്കൂള്‍ കഴിഞ്ഞു വന്നാല്‍ ഉടനെ ചായ കുടിയ്ക്കും. അല്പം പാലും അവന്‍ കഴിക്കുന്നതില്‍ നിന്നുമൊരു പങ്കും പൂച്ചയ്ക്ക്. അടുത്തുള്ള‍ പൊട്ടിയ ഒരു ചട്ടിയില്‍ പാലൊഴിച്ച് അരുകില്‍ തിന്നാനുള്ളതുമായി കൊടുക്കും. അല്ലെങ്കില്‍ ഒരു ചിരട്ടയില്‍, അതുമല്ലെങ്കില്‍ പൊട്ടിയ പ്ലാസ്റ്റിക് മഗ്ഗിലോ അങ്ങനെ എന്തിലെങ്കിലും. പാത്രത്തിന്റെ അളവനുസരിച്ച് കുടിക്കാന്‍ കിട്ടുന്ന പാലിന്റെയും കടിയുടെയും അളവു്‌ മാറും.

അവന്‍ വരുന്നത് കണ്ട് പൂച്ച വീടിനു നേരെ ഓടി. തീന്‍‌മേശയിലെത്തിയപ്പോള്‍ ഒരു പുതിയ പ്ലാസ്റ്റിക് പാത്രം തന്നേയും കാത്ത് താഴെ ഇരിക്കുന്നതു പൂച്ച കണ്ടു. പാലൊഴിച്ച് കൊണ്ട് അവന്‍ ഇത് പൂച്ചയുടെ മാത്രം പാത്രമാണെന്നും വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല പൂച്ചയ്ക്ക് തന്നെ ആണെന്നും അവന്‍ പറഞ്ഞു.

ജീവിതത്തിലെ സുന്ദരമായൊരു അനിശ്ചിതത്വം ആവര്‍ത്തനത്തിന്റെ വൈരസ്യത്തിലേയ്ക്ക് മാറിയതു കണ്ടു പൂച്ചയ്ക്ക് വിഷമം വന്നു.