വെള്ളിയാഴ്‌ച, നവംബർ 07, 2008

ആഗോളവല്ക്കരണം

ഈയിടെ, ഒരു കൂട്ടുകാരന്റെ ബ്ലോഗ് വഴിയാണു് പത്രപ്രവര്ത്തകനായ സായിനാഥിനെ പറ്റി അറിയുന്നത്. ഈ വീഡിയോ മുഴുവനായി കണ്ടു. ആഗോളവല്കൃതമാകുന്ന അസമത്വങ്ങളെ പറ്റിയാണു്. സമയമുണ്ടെങ്കിൽ നിങ്ങളും വായിക്കണമെന്ന് ശക്തമായി ശുപാര്ശ ചെയ്യുന്നു. കാരണം മറ്റൊന്നുമല്ലാ, മാധ്യമങ്ങൾ അവയുടെ താല്പര്യങ്ങള്ക്കനുസരിച്ച് എങ്ങനെ വാര്ത്തകളെ റിപ്പോര്ട്ട് ചെയ്യുന്നു എന്നതിനു ഒരുപാട് ഉദാഹരണങ്ങൾ കാര്യകാരണ സഹിതം ഇവിടെ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയെ പറ്റി മാത്രമല്ല, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും എന്തിനു് വികസിത രാജ്യങ്ങളിലെ പോലും അസമത്വങ്ങളെയും, അവയിൽ പലതും തമസ്കരിച്ച മാധ്യമങ്ങളെപറ്റിയും, ഇവിടെ പരാമര്ശിച്ചിരിക്കുന്നു. നാലു വര്ഷത്തോളം പഴയ പ്രസംഗമാണെന്കിലും അതിന്റെ പ്രസക്തി ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തിൽ വര്ദ്ധിച്ചിട്ടുണ്ട് എന്ന് കൂടി പറഞ്ഞു കൊള്ളട്ടേ.

എന്തായാലും, ഇത് മുഴുവന്‍ ശ്രദ്ധിച്ച സഹമുറിയനു പറയാനുണ്ടായിരുന്നത് (അവന്‍ ജനിച്ച് വളര്ന്നത് ഒരു നഗരത്തിലാണെന്നു സൂചിപ്പിച്ച് കൊള്ളട്ടേ) ആഗോളവല്ക്കരണത്തിന്റെ ഭാഗമായി, ഇന്ത്യന്‍ ജനതയ്ക്ക് കൈവന്ന പുരോഗതിയെപ്പറ്റിയായിരുന്നു. പുതിയ ഉല്പന്നങ്ങൾ, സ്വകാര്യ വ്യവസായങ്ങളുടെ വളര്ച്ച, അങ്ങനെ ഉണ്ടാക്കപ്പെടുന്ന തൊഴിലവസരങ്ങൾ, അങ്ങനെ അങ്ങനെ... സ്വാഭാവികമായും അവനു എന്നോട് ചോദിക്കാന്‍ ഉണ്ടായിരുന്ന ഒരു സുപ്രധാന കാര്യം, കഴിഞ്ഞ പത്ത് പതിനഞ്ച് വര്ഷമായി ആഗോള വല്ക്കരണത്തിന്റെ എന്തൊക്കെ ഗുണഫലങ്ങൾ എന്റെ ഗ്രാമത്തിൽ എത്തിയിട്ടുണ്ട് എന്നായിരുന്നു. ഞങ്ങൾ ഓരോ മേഖലയും എടുത്ത് പരിശോധിക്കാന്‍ ശ്രമിച്ചു. (കഴിഞ്ഞ രണ്ട് വര്ഷമായി, പ്രവാസത്തിലായതിനാല് നാട്ടിൽ പോയി നില്ക്കുന്നത് തീരെ കുറവാണു്. എങ്കിലും എന്റെ അറിവിൽ പെട്ടിടത്തോളം, ഇതൊക്കെ ശരിയാണെന്ന് വിശ്വസിക്കുന്നു)

പശ്ചാത്തലം
ഒരു ചെറിയ ഗ്രാമം. കിഴക്ക് ഒരു നെല്പാടം അതിര്ത്തി തിരിക്കുന്നു. അതിന്റെ തുടര്ച്ചയായി ആണ്ടിൽ മിക്കവാറും വെള്ളം കയറിക്കിടക്കുന്ന ഒരു പുഞ്ചപ്പാടം വടക്ക് വശത്ത്. തെക്കു പണ്ട് നെല്പാടമായിരുന്നതും, ഇപ്പോൾ ഇഷ്ടികക്കളമായതുമായ ഒരു തരിശുനിലം, പടിഞ്ഞാറേ അതിരു കൃത്യമായി പറയാനാവില്ലാ. എങ്കിലും, വെള്ളമൊഴുകുന്ന ചെറിയ പാറയില് തോടിനെ ഒരു അതിര്ത്തിയായി വിചാരിച്ചാൽ ഏതാണ്ട് കിഴക്ക് പടിഞ്ഞാറു് ഒരു കിലോമീറ്ററും, തെക്ക് വടക്ക് രണ്ട് കിലോമീറ്ററും ഉള്ള ഒരു ചെറിയ ഗ്രാമമായി. "ഗള്ഫിൽ പോയി കാശുണ്ടാക്കിയ" ആള്ക്കാരും, "പഠിച്ച് മിടുക്കരായി സര്ക്കാർ ജോലി കിട്ടി നല്ല നിലയിലായ" ആള്ക്കാരും ;കൃഷിചെയ്ത് നന്നായി ജീവിച്ചിരുന്ന, എന്നാൽ ഇപ്പോൾ തുടര്ന്ന് നടത്താന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം കൃഷിക്കാരും; തേങ്ങാ മുതലാളി; ടാക്സി / ഓട്ടോ ഉടമ/ഡ്രൈവര്മാർ; കൂലിപ്പണിക്കാർ; കശുവണ്ടി തൊഴിലാളികൾ; ഇവരെല്ലാം ഈ സ്ഥലത്ത് കഴിയുന്നു.

വിദ്യാഭ്യാസം
പ്രൈമറി സ്ക്കൂളിൽ പഠിക്കണമെന്കിൽ ഒന്നര കിലോമീറ്റർ നടന്ന് മുതലക്കുളം എൽ.പി.എസിൽ പോണം. ഹൈ സ്ക്കൂളിൽ ആണെന്കിൽ ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റർ പോകണം. നടന്നോ സൈക്കിൾ ചവിട്ടിയോ പോകേണ്ടി വരും സമയത്തിനെത്തണമെങ്കിൽ. വീട്ടിൽ കാശുണ്ടെങ്കിൽ വര്ക്കലയിലെയും പരവൂരിലെയും ചാത്തന്നൂരിലെയും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ബസുകൾ വന്ന് കൊണ്ട് പോകും. കഴിഞ്ഞ പതിനഞ്ച് വര്ഷങ്ങളിലുണ്ടായ പ്രധാന പുരോഗതി +2 സ്കൂളുകളിലായതോട് കൂടി, കൂടുതൽ പേര്ക്ക് 3 കിലോമീറ്റർ ദൂരത്ത് തന്നെ 12 വരെ പഠിക്കാന്‍ സാധിക്കുന്നു.

ആരോഗ്യം
ഏറ്റവും അടുത്തുള്ള ആശുപത്രി /ക്ലിനിക്കുകൾ മൂന്നു കിലോമീറ്റർ ദൂരെ നെടുങ്ങോലത്താണു്. അല്ലെങ്കിൽ ഏഴുകിലോമീറ്റർ അകലെ പരവൂരിൽ. അത്യാവശ്യം ചികിത്സാ സൗകര്യങ്ങളുള്ള ഒരു നല്ല ആശുപത്രി വേണമെങ്കിൽ 20 കി.മീ അകലെ കൊല്ലത്ത് പോകണം. എന്ത് കൊണ്ടോ എനിക്കോര്മ്മ വച്ച കാലം മുതൽ ഇതിൽ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ലാ.

ചന്ത/കടകൾ
ആഗോളവല്ക്കരണത്തിനു മുന്പ് തന്നെ നാട്ടിൽ ക്ഷേത്രത്തിനടുത്ത് ഒരു പലചരക്ക് കടയുണ്ട്. പിന്നെ നേരത്തെ പറഞ്ഞ പടിഞ്ഞാറേ അതിര്ത്തിയായ തോടിനടുത്ത് പച്ചക്കറി കട, റേഷന്‍കട, ഒക്കെയുണ്ട്. അവിടെ ഒരു ചന്തയുണ്ടായിരുന്നു. അതിപ്പോഴും നടക്കുന്നു. വേറെ എന്തെങ്കിലും വാങ്ങണമെങ്കിൽ (ഉ.ദാ: പൈപ്പ്, ഒരു റേഡിയോ, എന്തിനു ഒരു കഷണം വൈദ്യുത കമ്പി) കുറഞ്ഞത് പത്ത് കിലോമീറ്റർ പോകേണ്ടിയിരിക്കുന്നു.

ഗതാഗതം
ചെറുതിലേ സ്കൂളിൽ പോകാന്‍ തുടങ്ങിയ സമയം മുതൽ, ഒരു സ്വകാര്യ ബസ് ദിവസം മൂന്നു നേരം ഇതുവഴി സര്വീസ് നടത്തിയിരുന്നു. ഇടയ്ക്കെപ്പോഴോ ഈയടുത്ത കാലത്തായി, ചാത്തന്നൂരേയ്ക്കുള്ള ഒരു റോഡ് പണി തീര്ന്നു (ഇരുപത്തഞ്ച് വര്ഷമെടുത്തു, നാലു കിലോമീറ്റർ റോഡ് + ഒരു ചെറിയ പാലം പണിയാന് ). അത് വഴി ഒരു കെ.എസ്.ആർ.റ്റി.സി സര്വ്വീസ് ആരംഭിച്ചിരുന്നു. ഇപ്പോള്‌ അത് ട്രിപ്പുകൾ വെട്ടിച്ചുരുക്കി എന്ന് കേട്ടു. എന്തായാലും, അന്നും/ഇന്നും ഞങ്ങള്ക്ക് സമയത്തിനു ഹൈസ്ക്കൂളിലോ, കോളേജിലോ, ഓഫീസിലോ ഒക്കെ ചെന്നെത്തണമെങ്കിൽ കാല്നട/സൈക്കിള്/ഓട്ടോ വിധേന മൂന്നു കിലോമീറ്റർ അപ്പുറമുള്ള പരവൂർ ചാത്തന്നൂർ റോഡിലെത്തണം. ദൂരെ ഒരു കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സമയത്ത് എത്തിക്കാന്‍ അവർ ഒരു വാന്‍ അയച്ച് തുടങ്ങിയിരുന്നു, ഇടക്കാലത്ത്. ഇപ്പോഴത്തെ സ്ഥിതി അറിയില്ലാ. അന്നും ഇന്നും നാട്ടിൽ മൂന്ന് നാലു ടാക്സികളും ഓട്ടോകളും ഉണ്ട്. അവർ ഒരേ നാട്ടുകാർ എന്ന പരിഗണനയിൽ ആശുപത്രി തുടങ്ങിയ അടിയന്തിരാവശ്യങ്ങള്ക്ക് സമയം നോക്കാതെ സഹകരിക്കുന്നു. കഴിഞ്ഞ നാലഞ്ച് വര്ഷമായി നാട്ടിൽ ഒരു ഓട്ടോ സ്റ്റാന്റ് തുടങ്ങിയിട്ടുണ്ട്.

തൊഴില്
വളരെ പണ്ട് തന്നെ ഒരു കശുവണ്ടി ഫാക്റ്ററിയും ഒരു വെളിച്ചെണ്ണ മില്ലും ഉണ്ടായിരുന്നു. പൊതുമേഖലയിലായിരുന്ന ഫാക്റ്ററി അടച്ച് പൂട്ടി, മറ്റൊരെണ്ണം ഒരു സ്വകാര്യ വ്യക്തിയുടെ ഉടമയിൽ തുടങ്ങി. വെളിച്ചെണ്ണ മില്ല് സ്ഥാനം മാറി. കൃഷിപ്പണിക്കാരുടെ കൂലി കൂടിയിട്ടുണ്ട്. പക്ഷേ പണപ്പെരുപ്പത്തിന്റെ തോത് നോക്കുമ്പോൾ, അതൊരു കൂടലായി പരിഗണിക്കാമോ എന്നതും സംശയമാണു്. കൃഷിക്കാര്ക്ക് നഷ്ടത്തിന്റെ കണക്കുകളാണു് കൂടുതൽ എന്ന് തോന്നുന്നു. ഗള്ഫുകാർ മറ്റ് ഗവണ്മെന്റ് ജോലിക്കാർ എന്നിവർ വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു.

ഊര്ജ്ജം /വാര്ത്താവിനിമയം
ഇക്കാര്യത്തിൽ മാത്രം ഒരു വലിയ മാറ്റം തന്നെയുണ്ടായിട്ടുണ്ടെന്ന് നിസംശയം ആരും സമ്മതിക്കും. ഭൂരിപക്ഷം ല്ലെങ്കിലും അല്പം ഭേദപ്പെട്ടവരുടെ വീടുകളിലെല്ലാം ടി.വി/ മൊബൈൽ ഫോൺ ഒക്കെയെത്തിയിരിക്കുന്നു. പാവപ്പെട്ട കൂലിപ്പണിയെടുക്കുന്ന പ്രവാസികള്ക്കും എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അറിയിക്കാന്‍ ഒരു നൂറു മീറ്റർ അകലെയെങ്കിലും ഒരു ഫോൺ ഉണ്ട്. വൈദ്യുതിയും ഒരുമാതിരി എല്ലാ വീടുകളിലും എത്തിയിരിക്കുന്നു.

പറയാന്‍ ഇനിയുമെന്തൊക്കെയോ‌ ഉണ്ട്. പക്ഷേ പ്രധാനമായി ഞാന്‍ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് വച്ചാൽ, കഴിഞ്ഞ ഇരുപത് വര്ഷമായി ഞാന്‍ ഈ രണ്ട് ചതുരശ്രമീറ്റർ മേഖലയിൽ കണ്ട പുരോഗതി, വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിലും ടെലിഫോൺ കണക്ഷനുകൾ എത്തിക്കുന്നതിലും ഒതുങ്ങി നില്ക്കുന്നു എന്നാണു്. അടിസ്ഥാന സൗകര്യങ്ങളായ വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം തുടങ്ങിയവയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ലാ. ഇത് ഒരു ഒറ്റപ്പെട്ട കഥയാണെന്നും എനിക്കഭിപ്രായമില്ല. എനിക്കറിയാവുന്ന എല്ലാ ഗ്രാമങ്ങളുടെയും സ്ഥിതി ഇതൊക്കെ തന്നെ, അല്ലെന്കിൽ ഇതിലും മോശമാണു്. ജനസംഖ്യയുടെ ഭൂരിപക്ഷം അധിവസിക്കുന്ന ഇവിടങ്ങളില് വികസനം എത്തിക്കാന്‍ ആര്ക്കെങ്കിലും താല്പര്യമുണ്ടാകുന്നത് എന്നാണോ ആവോ? ഇന്ത്യയുടെ ആത്മാവ് അധിവസിക്കുന്ന ഗ്രാമങ്ങൾ ഇന്നും വികസനത്തിൽ ഇരുപത് വര്ഷം പിറകിലാണെന്ന് ബന്ധപ്പെട്ടവരുടെ മുഖത്ത് നോക്കി വിളിച്ച് പറയാനുള്ള ധൈര്യം സ്ഥാപിത താല്പര്യങ്ങളുള്ള മാധ്യമങ്ങൾക്ക് എന്നുണ്ടാകും?