ശനിയാഴ്‌ച, ജൂൺ 23, 2007

മുള്‍ച്ചെടികള്‍

“... മറ്റു ചിലത് മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു, മുള്‍ച്ചെടികള്‍ വളര്‍ന്ന് അവയെ ഞെരുക്കിക്കളഞ്ഞു. അത് ഫലം പുറപ്പെടുവിച്ചില്ല”

പാവം മുള്‍ച്ചെടികള്‍, അവരെന്തറിയുന്നു...

കുട്ടിക്കാലത്തെ ഓര്‍മ്മകളിലെ സ്ഥിരം കൂട്ടുകാരായിരുന്നു മുള്‍ച്ചെടികള്‍. കൂട്ടുകൂടാനും ഇത്തിരിയൊക്കെ തല്ലു പിടിക്കാനും വരുന്ന കൊച്ച് കൊച്ച് കൂട്ടുകാര്‍. ഓര്‍മ്മയിലേയ്ക്ക് ആദ്യം എത്തുന്നത് നമ്മുടെയെല്ലാം പ്രിയപ്പെട്ട തൊട്ടാവാടി തന്നെ. വാടാതെ ഒന്ന് തൊടാന്‍ എത്ര ശ്രമിച്ചിട്ടുണ്ടെന്നോ. ഇടയ്ക്ക് വല്ലപ്പോഴും അവള്‍ ആ മുള്ളു കൊണ്ട് പ്രതിഷേധിക്കും. അറിയാത്ത മട്ടില്‍ നടന്നാല്‍ പതിയെ കാലില്‍ ഒന്ന് നോവിക്കും, പരിഭവം പറയാനെന്ന പോലെ. സോപ്പ് കുമിളകള്‍ക്കും മുന്നേ തൊട്ടാവാടിയുടെ കറ ഒരു ചെറിയ കുഴലില്‍ നിറച്ച് കുമിളകള്‍ പറത്താന്‍ പഠിച്ചു. എങ്കിലും എന്നും അല്പം സൂക്ഷിച്ചായിരുന്നു അവളോടുള്ള തമാശകള്‍.

അല്പം കൂടി സൌന്ദര്യവും തലയെടുപ്പുമുള്ള കൂട്ടത്തിലായിരുന്നു റോസ്. മുള്ളുകള്‍ക്കും മൂര്‍ച്ച കൂടും. ആ പൂക്കളെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. മുഴുവനായി വിരിഞ്ഞ് നില്ക്കുന്ന റോസാപ്പൂക്കളെ ആ ചെടിയില്‍ നിറുത്തി തന്നെ മണത്ത് നോക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു(ഏതെങ്കിലും റോസാപ്പൂവ് വാടി കൊഴിയുമ്പോള്‍ നീ പോയി ഉമ്മ കൊടുത്തിട്ടാണെന്ന് പറഞ്ഞ് അമ്മ കളിയാക്കുമായിരുന്നു ). ഇതിനിടയ്ക് അല്പം പിച്ചും മാന്തലും ഒക്കെ നിറഞ്ഞതായിരുന്നു ആ സൌഹൃദം.

പിന്നെയും ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു, പുളിയുള്ള ഒത്തിരി കുഞ്ഞി പഴങ്ങള്‍ തരുന്ന കഠാരിമുള്ള് എന്ന് വിളിക്കുന്ന ഒരു കുറ്റിച്ചെടി, ചുവന്ന നിറത്തില്‍ പൂവുള്ള ഒരു വള്ളിച്ചെടി, മുറ്റത്ത് വര്‍ണഭംഗിയുള്ള ഒരു പന്തലൊരുക്കിയിരുന്ന കടലാസു ചെടി, അങ്ങനെ അങ്ങനെ...

കാലം ഒരുപാട് മാറ്റങ്ങളും വരുത്തി കടന്ന് പൊയ്ക്കൊണ്ടിരുന്നു. മുള്ളുകളെ ഒഴിവാക്കാനായി ഞങ്ങള്‍ എപ്പോഴും പാദരക്ഷകളുമായി നടക്കുന്നത് കണ്ട് തൊട്ടാവാടികള്‍ക്ക് വേദനിക്കുന്നുണ്ടാവാം. ജന്മനാ ഉള്ള മുള്ളുകളെ മറ്റുള്ളവര്‍ വെറുപ്പോടെ കാണുന്നതോര്‍ത്ത് കരയുന്നുണ്ടാവാം. ഇപ്പോള്‍ കുട്ടികളെ റോസിന്റെയും കടലാസ് പൂക്കളുടെയും പടര്‍പ്പുകളില്‍ വിടാതെ അവരുടെ ദേഹത്തില്‍ മുള്ളുകള്‍ കൊള്ളാതെ ഞങ്ങള്‍ സൂക്ഷിക്കുന്നു. അവര്‍ക്ക് മണക്കാന്‍ വേണുന്ന പൂവുകള്‍ ഞങ്ങള്‍ പറിച്ചെടുത്ത് കൊടുക്കുന്നു. സ്വയ രക്ഷയ്ക്കായുള്ള മുള്ളുകള്‍ കുട്ടികള്‍ക്ക് അയിത്തം കല്പിക്കാന്‍ മാത്രമുള്ള ഉപാധിയായി മാറുന്നത് കണ്ട് അവരുടെ ഹൃദയം നോവുന്നുണ്ടാവാം.

വല്ലപ്പോഴും ഈ പാവം മുള്‍ച്ചെടികളെ ഓര്‍ക്കാം... ദൂരെ നിന്ന് ഒരു പുഞ്ചിരി കൊടുക്കാനെങ്കിലും മറക്കാതിരിക്കാം...