വെള്ളിയാഴ്‌ച, ഒക്‌ടോബർ 20, 2006

മഷിപ്പേന

ഊണു കഴിക്കാനിരുന്നപ്പോഴാണ്‌ കണ്ടത്‌, പാത്രം തുടയ്കാന്‍ കൊണ്ടു വച്ചിരിക്കുന്ന കടലാസ്‌ തൂവാലയില്‍ ഒരു മഷിത്തുള്ളി പടര്‍ന്നിരിക്കുന്നു. മഷിപ്പേനയും മഷിയും കണ്ടിട്ടു വര്‍ഷങ്ങളായിരിക്കുന്നു. ഒരു കാലത്ത്‌ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ഈ മഷിപ്പേന.

നാലാം തരത്തില്‍ പഠിക്കുമ്പോഴാണ്‌ പെനിസിലില്‍ നിന്നും പേനയിലേക്ക്‌ കയറ്റം കിട്ടുന്നത്‌. മഷി പേന വച്ചെഴുതിയെങ്കിലേ കൈയക്ഷരം നന്നാവൂ എന്ന പ്രസ്താവനയോടെ ഒരെണ്ണം അച്ഛന്‍ വാങ്ങിത്തന്നു(ഇതുവരെയും നന്നായില്ല എന്നത്‌ വേറെ കാര്യം). പക്ഷേ പുതിയ ആയുധം ഉപയോഗിക്കാനുള്ള ഒരു ബുദ്ധിമുട്ടു കാരണം പെനിസില്‍ വച്ചു തന്നെ നാലാം തരം കഴിച്ചു കൂട്ടി. അഞ്ചാം തരം മുതല്‍ മഷിപേനയെ നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തില്‍ പെടുത്തി. "കടലിലെ മഷിക്കുപ്പിയും പേനയും" എന്ന പാഠത്തിന്റെ കുറിപ്പുകളായിരുന്നു അതു വച്ച്‌ ആദ്യം എഴുതിയത്‌ എന്ന് ഇപ്പോഴും ഓര്‍ക്കുന്നു. ഇംഗ്ലീഷ്‌, ഹിന്ദി തുടങ്ങിയ മറുഭാഷകള്‍ എഴുതിത്തുടങ്ങിയതും ഈ പേന വച്ചായിരുന്നു.

ക്ലാസ്‌ മുറികളിലെ ഒരുപാട്‌ നുറുങ്ങ്‌ സംഭവങ്ങളിലെ നായകരായിരുന്നു മഷിപ്പേനകള്‍. മഷി ഇറങ്ങാതെയാകുമ്പോള്‍ പേന കുടയുന്നതും അത്‌ മറ്റുള്ളവരുടെ വെള്ളയുടുപ്പിനെ പുള്ളിയുടുപ്പാക്കുന്നതും നിത്യസംഭവങ്ങളായിരുന്നു. അങ്ങനെ കുടഞ്ഞ്‌ കുടഞ്ഞ്‌ തീരെ എഴുതാതെയാകുമ്പോള്‍ ആരെങ്കിലും മഷി കടം കൊടുക്കുമായിരുന്നു. പിറ്റേ ദിവസം വായ്പ കൊടുത്ത നീല മഷിക്കു പകരം കിട്ടുന്നത്‌ മിക്കവാറും കറുപ്പായിരിക്കും. പലപ്പോഴും ഇതൊക്കെ കൂടിക്കലര്‍ന്ന് ഞങ്ങളുടെ നോട്ട്‌ പുസ്തകങ്ങളില്‍ മടുപ്പിന്റേതായ ചാരനിറം സൃഷ്ടിച്ചു പോന്നു. മഷിപ്പേനകള്‍ക്കുള്ള മറ്റൊരു ഉപയോഗം ചിത്രരചനയായിരുന്നു. മഷിത്തുള്ളികള്‍ പേപ്പറുകളില്‍ ഒഴിച്ചു പേപ്പറിനെ പലതായി മടക്കിയും, ചെറിയ നൂല്‍ കഷണങ്ങള്‍ പലനിറങ്ങളില്‍ മുക്കി നോട്ട്ബുക്കുകളില്‍ വച്ചുമൊക്കെ ഒരുപാട്‌ അമൂര്‍ത്തചിത്രങ്ങള്‍ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു.

പേന നന്നായി സൂക്ഷിക്കുക എന്നത്‌ ഒരു പേടി സ്വപ്നം തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക്‌ ഇവയ്ക്ക്‌ വയറ്റിളക്കം വരും (അന്നത്തെ ക്ലാസ്‌മുറിയിലെ ഭാഷ). കുടിച്ച മുലപ്പാല്‌ വരെ കക്കി വയ്ക്കുമെന്ന് കേട്ടിട്ടില്ലേ. അതുപോലെ. സാറിന്റെ കയ്യില്‍ നിന്നും അടിച്ചുമാറ്റുന്ന ചോക്ക്‌ കഷണങ്ങളാണ്‌ രക്ഷയ്ക്കെത്തുക (ഒപ്പു കടലാസിനെപ്പറ്റി അന്ന് കേട്ടിട്ടുപോലുമില്ല). എട്ടാം ക്ലാസിലെ ക്ലാസ്‌ മുറിയില്‍ ഞങ്ങള്‍ക്കായി നിറം മാറിയ ഒരുപാട്‌ ചോക്ക്‌ കഷണങ്ങളുണ്ടായിരുന്നു. ഓടുമ്പോഴും ചാടുമ്പോഴും വീഴുമെന്ന പേടിയെക്കാളും കൂടുതല്‍ കീശയിലെ പേന തുറന്നു പോകുമെന്നായിരുന്നു. അതു സംഭവിച്ചാലും അടുത്തുള്ളവന്‍ പറയുമ്പോഴായിരിക്കും അറിയുന്നത്‌. പലപ്പോഴും ആ ക്രൂരന്‍ പറയില്ല.. ഫലമോ ആരോടോ ഇടികൂടിയതിന്റെ ഫലമാണെന്നു കരുതി അമ്മയുടെ ചീത്ത കേള്‍ക്കും. (പലപ്പോഴും ഞങ്ങള്‍ തൂലിക പടവാളാക്കാറുണ്ടായിരുന്നു).

മഷിപ്പേനയെ ഏറ്റവും കൂടുതല്‍ പേടിക്കുന്ന ദിവസമാണ്‌ വര്‍ഷാവസാന പരീക്ഷയുടെ അവസാന ദിവസം. വല്ലവന്റെയും പേന കടം വാങ്ങി പരീക്ഷയെഴുതിയവരുള്‍പ്പെടെയുള്ള മഹാന്മാര്‍ രണ്ട്‌ പേന നിറയെ മഷിയുമായി ആയിരിക്കും എത്തുന്നത്‌. ഇന്നത്തെ വക്കാരിമാര്‍ പലരും അന്ന് എങ്ങനെ മഷിക്കറ ഒരിക്കലും മായാത്തതാക്കാം എന്നു ഗവേഷണം നടത്തിയവരായിരുന്നു. വെളിച്ചെണ്ണ, വേലിപ്പത്തലിന്റെ കറ അങ്ങനെ മഷിയില്‍ ഒഴിക്കേണ്ട സാധനങ്ങളുടെ ഒരു വലിയ ലിസ്റ്റു തന്നെ അന്നുണ്ടായിരുന്നു.

അങ്ങനെ മഷിപ്പേനകളോട്‌ കൂട്ടുകൂടിയും വഴക്കടിച്ചും പത്താം തരത്തിലെത്തിയപ്പോഴാണ്‌ അച്ഛന്റെ വക നിര്‍ദ്ദേശം, "ഇനി ഡോട്ട്‌ പേന കൊണ്ടെഴുതിയാല്‍ മതി, അല്ലെങ്കില്‍ അവസാന പരീക്ഷയ്ക്ക്‌ വേഗത കിട്ടില്ല". വേഗത പോരാ എന്ന് വിലപിക്കുന്ന യുഗത്തിലേയ്ക്കുള്ള ഒരു മാറ്റമായിരുന്നോ അത്‌. പിന്നെ മഷിപേനയെ അധികം ഉപയോഗിച്ചിട്ടില്ല. വേഗത കൂടും തോറും മഷിപേനകളെയും അവ സൃഷ്ടിച്ചിരുന്ന ഓര്‍മ്മകളെയും നമുക്കു നഷ്ടപ്പെടുന്നുവോ?

12 അഭിപ്രായങ്ങൾ:

മനോജ് കുമാർ വട്ടക്കാട്ട് പറഞ്ഞു...

'ലീക്കടിക്കുന്ന' പെന്നുകൊണ്ടെഴുതുമ്പോള്‍ ചൂണ്ട്‌ വിരലിന്റെയും നടുവിരലിന്റെയും വശങ്ങളില്‍ പടരുന്ന മഷി ഇപ്പോഴും ഒരോര്‍മ്മതന്നെ.

Unknown പറഞ്ഞു...

കുഞ്ഞന്‍സേ,
പേനകള്‍ തന്നെ നമ്മുക്ക് നഷ്ടപ്പെടുകയല്ലേ, ഇപ്പോള്‍ സ്റ്റയലസ്സ്(stylus) അല്ലേ!

ഒരുപാട് ഓര്‍മ്മകളെ വിളിച്ചുണര്‍ത്തിയ ഒരു പോസ്റ്റ്!
ബ്രില്,‍ ചെല്‍പ്പാര്‍ക്ക് മഷികുപ്പികളും ബിസ്മി, ജൂബിലി മഷിപേനകളും ക്യാമലിന്റെ ഇന്‍സ്റ്റ്ടര്മെന്റ് ബോക്സും പണി ആയുധങ്ങളായിരുന്ന സ്കൂള്‍ കാലത്തെ ഓര്‍മ്മിപ്പിച്ചതിനു നന്ദി! രാവിലത്തെ ഓട്ടത്തിനിടയില്‍ മഷി തുപ്പിയ പേന തുടയ്ക്കാന്‍ ഒരു തുണ്ട് തുണിയുമുണ്ടാകും ബോക്സില്‍, പിന്നെ പോസ്റ്റില്‍ പറഞ്ഞതു പോലെ തന്നെ ചോക്കും!ആ കാലത്തു ഒരു ഹീറോ പേന എന്നു പറഞ്ഞാല്‍ വലിയ ഒരു സംഭവമായിരുന്നു.സ്വര്‍ണ്ണ ക്യാപ്പും കാപ്പിപൊടി അല്ലെങ്കില്‍ കറുത്ത നിറമുള്ള ബോഡിയോട് കൂടിയ ഹീറോ പേന കുറച്ച് പേര്‍ക്കേ ഉണ്ടാകൂ, അതു ഒരു പേജ് എഴുതാന്‍ കടം ചോദിച്ചാല്‍ എന്തൊക്കെ ഡിമാന്റ് ആയിരുന്നു മുതലാളിമാര്‍ക്ക്!

ഇന്നു തിരിഞ്ഞ് നോക്കുമ്പോള്‍ മഷി പുരണ്ട ആ കുട്ടികാലം എത്ര സുന്ദരകാലം!

പട്ടേരി l Patteri പറഞ്ഞു...

പോസ്റ്റ് ഇഷ്ടായി, സപ്തന്‍ ചേട്ടന്റെ കമന്റൂം
ഇന്നു തിരിഞ്ഞ് നോക്കുമ്പോള്‍ മഷി പുരണ്ട ആ കുട്ടികാലം എത്ര സുന്ദരകാലം!

ഉത്സവം : Ulsavam പറഞ്ഞു...

നല്ല പോസ്റ്റ്‌ കുഞ്ഞന്‍സേ,

ഒരു കാലത്ത്‌ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന എത്രയെത്ര കാര്യങ്ങള്‍ നമ്മള്‍ ഇങ്ങനെ മറന്നുകളയുന്നു. മറവിയുടെ നൂലിഴപൊട്ടിയ്കുന്ന ഇങ്ങനത്തെ പോസ്റ്റുകള്‍ പോരട്ടെ...

മുല്ലപ്പൂ പറഞ്ഞു...

കുഞ്ഞാ,
മഷിപ്പേന ഒരുപാട് , ഒരുപാട് ഓര്‍മ്മകള്‍ തിരികെത്തന്നു.

നല്ല പോസ്റ്റ്

Unknown പറഞ്ഞു...

പടിപ്പുര:)(യില്‍)തന്നെ തേങ്ങയുടച്ചു അല്ലേ :-) നന്ദി.
സപ്താ :) താങ്കളുടെ കമന്റും സുന്ദരമായ കുട്ടിക്കാലത്തെ പറ്റി ഒരുപാട് ഓര്‍മ്മകളെ ഉണര്‍ത്തി.
പട്ടേരി, ഉത്സവം, മുല്ലപ്പൂ :) നന്ദി.

Rasheed Chalil പറഞ്ഞു...

തൂവാലയില്‍ പടര്‍ന്ന മഷിത്തുള്ളി പോലെ മനസ്സില്‍ മായാതെ സൂക്ഷിക്കുന്ന ബാല്യകാലം ഓര്‍മ്മിപ്പിച്ച മനോഹരമായ പോസ്റ്റ്.

കുഞ്ഞന്‍സേ അസ്സലായി കെട്ടോ.

Unknown പറഞ്ഞു...

ഇത്തിരീ, ഒത്തിരി നന്ദി :)

സഹൃദയന്‍ പറഞ്ഞു...

അനുഭവങ്ങളിലെ അത്ഭുതകരമായ സാമ്യത........സ്വര്‍ണ്ണ ക്യാപ്പിട്ട ഒരു ഹീറൊ പേനയും ഒരു ചെല്‍ പാര്‍ക്ക്‌ മഷികുപ്പിയും ഇപ്പോഴും ഓര്‍ത്തു പോകുന്നു.........

Unknown പറഞ്ഞു...

തുളസീ :) അതെനിക്ക് ഇഷ്ടപ്പെട്ടു.. എവിടൊക്കെയോ ചെന്ന് തൊടുന്ന ഒരു കവിത, നന്ദി

Unknown പറഞ്ഞു...

സഹൃദയാ, മധുരമുള്ള ഓര്‍മകള്‍ :)

സപ്തന്‍ ചേട്ടാ സഹൃദയന്‍ ആണോ അന്നത്തെ മുതലാളി :)

qw_er_ty

bodhappayi പറഞ്ഞു...

"കടലിലെ മഷിക്കുപ്പിയും പേനയും"
ആ പാഠത്തിന്‍റെ അവസാനം ഒരു വരിയുണ്ട് : “മഷിയെന്നാല്‍ നല്ല ഉഗ്രന്‍ മഷി തന്നെ”. പരീക്ഷക്കു കണവയെപ്പറ്റി എഴുതാന്‍ വന്നപ്പോള്‍ ഞാനും കാച്ചി ഈ വരി...
പിന്നെ ഇതോര്‍ത്തതു ലാലേട്ടന്‍റെ ഹോട്ടലില്‍ കണവ കഴിച്ചപ്പോളാണ്, ഇപ്പോള്‍ ദാ ഇവിടേയും.

കുഞന്‍സേ, മനോഹരമായ ഓര്‍മ്മകള്‍... :)