വ്യാഴാഴ്‌ച, മേയ് 28, 2009

തെരഞ്ഞെടുപ്പ്

"ടാ നമ്മക്ക് ഗോലി കളിക്കാന്പൂവാം"
"വേണ്ട തോട്ടീപ്പോയി മീനെ കുപ്പീലാക്കാം, അമ്മാ ഞങ്ങള്് ദാ തോട്ടീപ്പോയിട്ട് വരുന്നേ... "
...
"നല്ല തണുത്ത വെള്ളോല്ലേ"
"എടാ ഇന്നലെ വയ്യുന്നേരം എന്താരു്ന്ന് നിങ്ങടെ അപ്പറത്ത് ഭയങ്കര ബഹളം.. "
"അതവ്‌‌ട്‌‌ത്തേ രഘുവരമ്മാമനു് ആരാണ്ട് പെണ്ണുങ്ങൾ എഴുത്തയച്ചെന്ന് .. അവിടത്തെ മാമി ഭയങ്കര കരച്ചിലാരുന്ന്.. അമ്മയൊക്കെ പോയാരു്ന്ന്"
"എന്നട്ട്?"
"മാമനൊന്നുമറീത്തില്ലന്നാ മാമമ്പറേന്നത്"
"എടാ ദാ ഒരു വ്രാലു് , പൊത്തിപ്പിടി"
"പോടാ അതിനേങ്ങനൊന്നും കിട്ടൂല്ലാ, അതു തെന്നിപ്പോവും സന്തോഷണ്ണന്‍ ഒത്തിരി പാടുപെട്ടാ അതിന പിടിക്കുന്നേ"
"എന്നാ വാ വീട്ടീപ്പൂവാം വെശക്ക്ന്ന്"

* * * * * * * *

"രാധച്ചേച്ചീ.... ഞാന്‍ ചന്തേപ്പോണൂ, മീന്‍ വേണോ.. "
"ഓ ഇന്നാരും മീന്‍ കൂട്ടത്തില്ലടീ, ഷഷ്ടിയാ.. "
"ആണാ, എന്നാ ഞാന്‍ പോട്ട്, ചേച്ചി തെക്കേത്‌‌ലെ രഘുവരേണ്ണന്റെ കാര്യം പിന്ന എന്തരായി?"
"അങ്ങേരക്കൊന്നുമറിഞ്ഞൂടെന്ന് അങ്ങേരു പറേന്ന് , എന്തരാണോ‌ എന്തോ"
"അങ്ങേരു് പഞ്ചായത്തെലക്ഷനു് നിക്കുവല്ലേ.. ഇനീപ്പം മറ്റവന്മാരക്ക് പറഞ്ഞോണ്ട് നടക്കാന്‍ ഒരു കാര്യമായി, ഇങ്ങനേക്ക പേരു് കേപ്പിച്ചാ പാര്ട്ടി എലക്ഷനു് നിർത്തുവാ"
"നിറുത്തുവാരിക്കും, ഇവിടാരാണ്ട് അങ്ങേരോടുള്ള വിരോധം തീര്ക്കാന് ചെയ്തതാന്നാ അവരു പറേന്നേ"
"അല്ല ചേച്ചി ആ എഴുത്ത് വടക്കുന്നെങ്ങാണ്ടൂന്നല്ലേ വന്നത്, ഇവിടൊള്ളവരാണേൽ അവടെ പോയി പോസ്റ്റ് ചെയ്യുവോ"
"എനിക്കറിഞ്ഞൂടേയ്.... എന്താലും ഇതുവരെ ആര്ക്കുവൊരു ശല്യോം ഉണ്ടാക്കാതെ നടന്ന മനുഷ്യേനാ.. "
"ആ എന്തരേലും ആവട്ട്, ഞാന്‍ പോട്ട് ചേച്ചി, താമസിച്ചാ ചന്തേല്് ചീഞ്ഞ കൊഴുചാള മാത്രേ കാണത്തൊള്ളു.. നല്ല വല്ലോമൊക്കെ വന്നാ അപ്പത്തന്നെ തീരും"
"ഓ ചെല്ല്, നാളെ മീന്‍ വേടിച്ച് തരാമ്മറക്കല്ലേ "

* * * * * * * *

"സരോജിനിയമ്മോ ഇവിടാരൂല്ലേ?"
"ആ സാറാ.. എലക്ഷന്റെ കാര്യത്തിനാരിക്കും.. "
"തന്നെ, എലാടത്തും ഒന്ന് കേറി ഇറങ്ങി ലിസ്റ്റ് ഒക്കെ ശരിയാക്കി വക്കാന്‍ കൂടി വന്നതാ"
"ഞങ്ങടെ വോട്ട് സാറിനാ സാറേ.. പിന്നെ സാറേ ഇത്തവണ ജയിക്കുവോ? അല്ല ആള്ക്കാരൊക്കെ ഓരോന്ന് പറയുന്ന്"
"എന്റെ സരോജിനിയമ്മോ എനിക്കറിയത്തില്ല. ഞാനിങ്ങനെ ഒരു സ്ഥലത്ത് പോയിട്ടുമില്ല എനിക്കങ്ങനൊരു പെണ്ണിനെ അറീത്തുമില്ലാ. അല്ലെങ്കിത്തന്നെ ഈ വയസ്സാം കാലത്തല്ലേ ഞാന് ... "
" വല്ലോരും കരുതിക്കൂട്ടി ചെയ്തതാരിക്കും സാറേ.. "
"ഇവിടെ ഉള്ളവരുടെ പേരൊക്കെ വായിക്കാം, ചരുവിള വീട് -- സരോജനിയമ്മ, ശ്രീനിവാസക്കുറുപ്പ്, അനിൽ,... , രഘുവീർ, ഇതാരാ രഘുവീര്"
"സാറേ അതെന്റെ എളേ മോനാ, മണി.. അവന്റെ സ്കൂളിലെ പേരാരുന്ന് രഘുവീര്"
"ഓ അവനാരുന്നാ.. അവനെ കണ്ടട്ട് കൊറേ ആയല്ലാ.. അവനിപ്പ എവിടാ "
"ആലപ്പുഴ എങ്ങാണ്ടാ.. എന്തരാ ഒരു സ്ഥലത്തിന്റെ പേരു് പറഞ്ഞ്.. ആറ്റുങ്കലോ"
"ആറ്റുങ്കലോ, ങേ!!!! ഇനി അര്ത്തുങ്കലാണോ??!!!"
"ആണന്ന് തോന്നുന്നു എന്താ സാറേ.."
"അല്ല ഒന്നൂല്ല.. അവനെന്തിയേ?? "
"അവന്റെ ഏതാ കൂട്ടുകാരുടെ കൂടെ എറണാകൊളത്ത് പോയേക്കുന്നു.. ഒരു മാസം അവിടാ പണി.. വെരുന്ന ചൊവ്വാഴ്ച രാവിലെ ഇവടെ കാണും"
"വരുമ്പ എന്ന ഒന്ന് വന്ന കാണാന്‍ പറയുവോ?"
"ഓ‌ പറയാം"
* * * * * * * *

"ഞാനാ മണി, സാറു കാണണോന്ന് പറഞ്ഞാരുന്നാ?"
"ആ പറഞ്ഞാരുന്ന് , ഇരി.. ഇപ്പ എവിടെയാ "
"ആലപ്പുഴേലാ"
"അവിടെവടാ"
"അര്ത്തുങ്കലാ.. വലിയ പള്ളിയൊക്കെ ഉള്ളസ്ഥലവാ"
"എന്താ പണി"
"..."
"വേറെ?"
"വേറൊന്നുമില്ലാ, അല്ല സാറു വിളിപ്പിച്ചത്?"
"ദാണ്ടേ ഇത് നെനക്ക് തെരാനാരുന്ന് , ന്നാ.. നോക്ക്"
"യ്യോ‌ സാറേ ഇത് !!! "
"ആ ഇത് തന്നെ, ആ പോസ്റ്റ് മാന്‍ നാരേണ്ണന് ഇവിടെ കൊണ്ടിട്ട് $#@@!! Raghuveer എന്നെഴുതിയതിനു് മേലിൽ മഷി പടന്ന് Raghuvaranഉം Raghuveer ഉം തമ്മിൽ തിരിച്ചറിയാത്ത പരുവം.. പോരാത്തതിനു് നെന്റ് പള്ളിക്കൂടത്തിലെ പേരു് ഇവിടാര്ക്കുമറീല്ലാ.. അതും പോരാത്തതിനു രണ്ടും ഒരു വീട്ട്പേരു് "
"അയ്യോ സാർ ഞാനിതൊന്നുമറിഞ്ഞില്ല.. "
"എന്തരായാലും ഇത് കാരണം ഞാന്‍ നാറാവുന്നത്രേം നാറി, ഇനിയിപ്പ ഞാനായിട്ട് ഇവിടാരോടും പറേന്നില്ലാ.. പക്ഷേ ആ കൊച്ചിനോട് ഇനി നെനക്ക് എഴുത്തയ്ക്കല്ലെന്ന് പറേണം..."
"ശ്ശെ സാർ.... "
"സാരമില്ലടേയ്.. ഇവടെ കൊറച്ച് ദെവസം ലവളുടെ മോന്ത കാണേണ്ടി വന്ന്.. അതക്കെ തീര്ന്ന് .. ഇപ്പ എല്ലാരും ഇതൊക്ക മറന്ന്.. ഇനീപ്പ ഞാനായിട്ട് ഒന്നും തോണ്ടി എടുക്കുന്നില്ല"


* * * * * * * *

രവീന്ദ്രഞ്ചേട്ടാ ഒരു ചായ കടുപ്പത്തിലു്
കുട്ടപ്പാ നിങ്ങടെ സ്ഥാനാര്ത്ഥി തോറ്റല്ലാ..
തോറ്റാലും വേണ്ടില്ലടേ, നിങ്ങടെ സ്ഥാനാര്ത്ഥിയെ പോലെ പേരുദോഷം കേപ്പിച്ചില്ലല്ലാ..
എടാ എടാ, അങ്ങനൊന്നും ചെയ്യണ ആളല്ലാ സാറു്.. അത് ആരാണ്ട് ശത്രുക്കളു് ചെയ്യിച്ചതാ..
ഓ ശത്രുക്കളു് .. അടുത്ത എലക്ഷന്‍ വരട്ടെടാ.. കാണിച്ച് തരാം..
ഓ‌ കണ്ടത് തന്നെ..
[രാഷ്ട്രീയത്തിൽ(?) മുങ്ങിയ ഒരു പ്രഭാതം കൂടി]

ചൊവ്വാഴ്ച, മേയ് 26, 2009

മഴവില്ല്

ആദ്യകാലങ്ങളിൽ തന്നെ മനുഷ്യനെ അദ്ഭുതപ്പെടുത്തിയ ഒരു പ്രതിഭാസമായിരുന്നിരിക്കണം, മഴവില്ല്. ദേവേന്ദ്രന്റെ വില്ലായും, നോഹയോട് ദൈവം ചെയ്ത ഉടമ്പടിയുടേ അടയാളമായും അവതരിച്ച കൊച്ചു പ്രതിഭാസം. കുട്ടിക്കാലത്ത് വളരെ അപൂർവ്വമായി മാത്രമേ മഴവില്ല് കണ്ടിട്ടുള്ളൂ എന്നാണോര്മ്മ. മഴ പെയ്യുന്നതിനും മരം പെയ്യുന്നതിനുമിടയിലൂടേ മൂടിയ ആകാശത്തിലെ നിറങ്ങളും നോക്കി നിന്ന ഓര്മകൾ ഒരുപാടില്ലാ. ആ കൗതുകങ്ങള്ക്കിടയ്ക്ക് ഒരിക്കൽ യുറീക്കയിൽ മഴവില്ലിനെ പറ്റിയും അതിന്റെ പിന്നിലേ ശാസ്ത്രത്തേയും കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു. അതിനോടൊപ്പം തന്നെ ഒരു പാത്രത്തിൽ ഒരു കൊച്ച് കണ്ണാടി ഇറക്കി വച്ച് വെള്ളം നിറച്ച് വെള്ളച്ചുമരിൽ നിറങ്ങളെ കാണാനുള്ള പരിപാടിയും പറഞ്ഞു തന്നിരുന്നു. ഇടയ്ക്കിടയ്ക്ക് അങ്ങനെ ചെയ്ത് വീട്ടിലുണ്ടായിരുന്ന കണ്ണാടിയുടെ രസം ഇളകിപ്പോയതൊക്കെ ഇപ്പോഴും കുഞ്ഞ് ഓര്മ്മകളായി നിലനില്ക്കുന്നു.

മലകൾ നിറഞ്ഞ ഈ രാജ്യത്ത് എത്തിയതോടെ മഴവില്ലുകളേ കൂടുതലായി കാണാന്‍ തുടങ്ങി. മൂന്നു വശം മലകളും ഇടയിലൂടെ രണ്ട് താഴ്വരകളും കൂട്ടിമുട്ടുന്ന ഈ സ്ഥലത്ത്, മലകൾ മേഘങ്ങളെ ഒരു ദിശയിൽ തടഞ്ഞു നിറുത്തുകയും താഴ്വരയുടെ തുറന്ന എതിർ ദിശയിൽ നിന്ന് സൂര്യപ്രകാശം അടിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവാനുള്ള സാധ്യത ഏറെയാണു്. എങ്കിലും ഇന്നും എല്ലാ നിറങ്ങളും ക്രമത്തിനു തൊട്ടുതേച്ച വില്ലും നോക്കി നില്ക്കുന്നത് ഇപ്പോഴും ഒത്തിരി സന്തോഷം തരുന്ന ഒന്നാണു്. അതു കണ്ടാൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിറുത്തി ഇറങ്ങി ഓഫീസിൽ നിന്നും ഓടും. ചാറ്റൽ മഴ കൂടി ആയാൽ പറയുകയും വേണ്ടാ. കൂട്ടിനു അതുപോലെ തന്നെ ചെയ്യുന്ന ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ടായാലോ? എല്ലാം തികഞ്ഞു!!

ഇതൊക്കെ ഇപ്പോ പറയാന്‍ കാരണം... പണ്ട് മുതലേ ഉള്ള ശീലമാണു എന്തെങ്കിലും ടെന്ഷനുകൾ ഉള്ളതൊക്കെ ദൈവത്തിനോട് പറയുന്നത്. നല്ല ഒരു മനസ്സമാധാനം കിട്ടും. രണ്ടാഴ്ച മുന്പ് അതുപോലെ കൊച്ചു കൊച്ചു ടെന്ഷനുകളും അടിച്ച് ഇരിക്കുന്ന ഒരു വൈകുന്നേരം. എല്ലാം പോയി പറഞ്ഞ് പതുക്കെ തിരിച്ച് ഇറങ്ങി. വീട്ടിലേയ്ക്ക് ഇറങ്ങിയപ്പോൾ ശബ്ദമില്ലാതെ വീഴുന്ന മഴ. വഴിയിലുള്ള തുറസ്സായ ഒരു പുല്ത്തകിടിയെത്തിയപ്പോഴേയ്ക്കും, മറ്റേ ചരുവിൽ സൂര്യന്‍ പുറത്തെത്തിയിരുന്നു. അവിടെ എനിക്കഭിമുഖമായിട്ടുള്ള കുന്നിന്‍നിരയ്ക്ക് മുകളിലായി ഞാന്‍ അതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ മഴവില് കാഴ്ച കാത്ത് നിന്നിരുന്നു. അവിടവിടെയായി ഇലകളിൽ വെട്ടിത്തിളങ്ങുന്ന മഴത്തുള്ളികള് കുന്നിന്‍ചെരുവുകളെ പൊലിപ്പിക്കുന്ന പോക്കുവെയിൽ, മനസിലും ശരീരത്തിലും കുളിരു കോരുന്ന പൊടിമഴ, എല്ലാത്തിനും മീതേ ഒരടയാളം പോലെ മഴവില്ല്.

പ്രധാനമായും രണ്ട് പ്രത്യേകതകൾ ഉള്ള മഴവില്ലായിരുന്നു അത്. ഒന്നാമത് അതൊരു ഇരട്ട മഴവില്ലായിരുന്നു (ഇത് പോലെ). മഴവില്ല് ഉണ്ടാകുന്നത് അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്ന വെള്ളത്തുള്ളികൾ പ്രകാശത്തെ അപവര്ത്തനം (Refraction) ചെയ്യിക്കുന്നത് കൊണ്ടാണല്ലോ. സാധാരണമായി ഒരു വെള്ളത്തുള്ളിയിൽ പ്രവേശിക്കുന്ന പ്രകാശരശ്മി അപവര്ത്തനത്തിനു വിധേയമാകുകയും, അതിന്റെ പിറകിൽ നിന്നും പ്രതിഫലിക്കപ്പെടുകയും വീണ്ടും ഒരു ഘട്ടം അപവര്ത്തനത്തിനു ശേഷം പുറത്തു വരുകയും ചെയ്യുന്നു. ചിത്രവും ഇതും നോക്കുക. അപവര്ത്തനത്തിനു വിധേയമാകുന്ന പ്രകാശം അതിന്റെ ഘടകവര്ണ്ണങ്ങളായി പിരിയുകയും മഴവില്ല് ദൃശ്യമാകുകയും ചെയ്യുന്നു. എന്നാൽ ചില പ്രത്യേക കോണുകളിൽ സൂര്യനിൽ നിന്നുമുള്ള പ്രകാശം ഒരു വെള്ളത്തുള്ളിയ്ക്കുള്ളിൽ തന്നെ രണ്ടു് തവണ പ്രതിഫലിപ്പിക്കപ്പെട്ട് കാഴ്ചക്കാരുടെ കണ്ണിൽ എത്തുന്നു (ഇതുപോലെ). ഇത് സാധാരണ ദൃശ്യമാകുന്ന ഒന്നാം ചാപത്തിനു പുറത്തായി പുറത്ത് ഒരു രണ്ടാം വില്ലായി പ്രത്യക്ഷപ്പെടുന്നു. രണ്ട് പ്രതിഫലനങ്ങൾ ഉള്ളതുമൂലം രണ്ടാം ചാപത്തിലെ നിറങ്ങളുടെ ക്രമം ആദ്യ ചാപത്തിനു നേരെ വിപരീതമായിരിക്കും.

രണ്ടാമത്തെ പ്രത്യേകത് കണ്ണിൽപ്പെടാന്‍ കുറച്ച് സമയം കഴിഞ്ഞു. ആദ്യചാപത്തിനു താഴെയായി വീണ്ടും ചില കൊച്ചു ചിത്രപ്പണികള്. പക്ഷേ രണ്ടാം ചാപം പോലെയല്ല. ഒന്നാമത്തെ ചാപത്തിന്റെ ഉൾവശത്ത് പച്ചയും വയലറ്റും ഇടകലരുന്ന ഒന്നിലധികം ബാന്ഡുകൾ [ഇതാ ഇങ്ങനെ]. ഈ പ്രതിഭാസം പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്ന കണങ്ങളാണെന്ന സങ്കല്പം ഉപയോഗിച്ച് വിശദീകരിക്കാന്‍ സാധിക്കുകയില്ല. പ്രകൃതിയില് പ്രകാശത്തിന്റെ തരംഗസ്വഭാവം (ഒരു കുളത്തിൽ കല്ലിടുമ്പോൾ ഉണ്ടാകുന്ന ഓളങ്ങൾ പോലെ പ്രകാശവും തരംഗങ്ങളായി സഞ്ചരിക്കുന്നു എന്ന സങ്കല്പം) വെളിവാക്കുന്ന ഒരു സന്ദര്ഭമാണു് ഇത്. വിവിധ പാതകളിൽ സഞ്ചരിക്കുന്ന തരംഗങ്ങൾ തമ്മിലുള്ള ഇന്റര്ഫെറന്സ് കാരണമാണു ഒന്നിലധികം ബാന്ഡുകൾ കാണപ്പെടുന്നത്. ഈ പ്രതിഭാസത്തെ Supernumerary Rainbow എന്നു വിളിക്കുന്നു. (കൂടുതൽ പടങ്ങൾ ഇവിടെ. കൂടുതൽ വിവരങ്ങൾ ഇവിടെയും ഇവിടെയും).

ഒരു മഴവില്ല് മനസിലാക്കണമെങ്കിൽ തന്നെ പ്രകാശം, അതിന്റെ തരംഗസ്വഭാവം, ഇന്റര്ഫെറന്സ് ഒക്കെ അറിയണമെന്ന് മനസിലായി. ഇത്രയും മനോഹരമായ മഴവില്ല് കണ്ട സന്തോഷം ഒരു വശത്ത്. അത് വഴി ഇതൊക്കെ പഠിച്ച സന്തോഷം മറുവശത്ത്. ഇതിനെല്ലാം ഇടയിൽ ഒരു കാര്യം മറന്നു പോയി. അതിന്റെ ഒരു നല്ല പടമെടുക്കാന്‍. അല്ലെങ്കിലും എല്ലാം കമ്പ്യൂട്ടറിൽ സൂക്ഷിക്കാന്‍ പോയാലും സ്വന്തം ഹൃദയത്തിൽ സൂക്ഷിക്കാന്‍ എന്തെങ്കിലും വേണമല്ലോ. ഇത് ആ കണക്കിലിരിക്കട്ടെ.

സമര്പ്പണം: ഇത്രയുമൊക്കെ ആരോടെങ്കിലും പറയണമെന്ന് തോന്നി ഫോണെടുത്തപ്പോൾ പെട്ടെന്ന് ഓര്ത്തു, എല്ലാ കുട്ടിക്കളികള്ക്കും കൂടുമായിരുന്ന എന്റെ ഇത്തരം കൊച്ച് കൊച്ച് സന്തോഷങ്ങൾ പങ്കുവയ്ക്കാനുണ്ടായിരുന്ന കൂട്ടുകാരന്‍ (അതോ അനിയനോ) സ്ഥലം മാറി ഇപ്പോ മറ്റൊരു ഭൂഖണ്ഡത്തിലെത്തി എന്ന്‍. അവനിരിക്കട്ടെ ഈ പോസ്റ്റ് :)