വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2008

ലോല

സത്യം പറഞ്ഞാല് ലോലയെ കാണാന് ജര്മനിയിലേക്ക് പോയത് ഒരുപാട് ആശങ്കകളുമായിട്ടായിരുന്നു; ഏറ്റവും പ്രധാനം കാല് നൂറ്റാണ്ട് മുന്പ് നടത്തിയ ഒരു ഇന്ത്യന് പര്യടനത്തെപറ്റിയും അതിനിടയില് കണ്ടുമുട്ടിയ ഒരു മൂന്നുവയസുകാരനെ പറ്റിയും അവര്ക്ക് ഇപ്പോള് എന്തൊക്കെ ഓര്മ്മ കാണുമെന്നതായിരുന്നു. അതിശയമെന്നു പറയട്ടെ, എന്നെ കണ്ട ഉടനെ അവര് ഓര്ത്തത്, ഇരുപത്തഞ്ച് വര്ഷം മുന്പ് അവര് എന്നെ പിരിയുമ്പോള് ഞാന് അമ്മയുടെ ഒക്കത്തിരുന്ന് കരയുകയായിരുന്നു എന്നതാണു്‌. ( അന്ന് എന്നെ കാണുമ്പോളൊക്കെ അവര് എന്നെയും ജര്മനിക്ക് കൂടെ കൊണ്ട് പോകാം എന്ന് പറയുകയും, അത് സത്യമാണെന്ന് ഞാന് വിശ്വസിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഇരുന്നപ്പോളാണു അവര് ഒരുദിവസം പെട്ടെന്ന് ബാഗുമായി ഇറങ്ങിയത്, അവര് എന്നെ കളഞ്ഞിട്ട് പോകുകയാണെന്ന് കണ്ടപ്പോള് എനിക്ക് കരച്ചില് വന്നു). എന്റെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് അവര് ഒരുപാട് പഴയ ഓര്മ്മകള് പങ്ക് വച്ചു. അടുത്ത് വന്ന് എന്നെ അടിമുടി നോക്കിയ ശേഷം ഞാന് എന്റെ അച്ഛനെ പോലെ തന്നെയിരിക്കുന്നു എന്ന് അവര് അഭിപ്രായപ്പെട്ടു (അവര് എന്റെ സന്ദര്ശനം പ്രമാണിച്ച് അന്നത്തെ ഫോട്ടോകളൊക്കെ നോക്കി എല്ലാ ഓര്മ്മകളും പുതുക്കിയിരിക്കുന്നു). അന്ന് കണ്ട എല്ലാവരെയും അന്വേഷിച്ചു, അയലത്തെ വീട്ടിലെ കുട്ടികളെയടക്കം. എന്റെ അമ്മ അന്ന് ആശുപത്ര്യില് ആയിരുന്നു എന്നൊക്കെ അവര് പതിയെ ഓര്ത്തെടുക്കുകയും ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയെ പറ്റി അന്വേഷിക്കുകയും ചെയ്തു. ഞാന് ജോസ് മാമന്റെ കല്യാണത്തിനു (അതിനു വേണ്ടിയായിരുന്നു അവര് അന്ന് ഇന്ത്യയില് വന്നത്) കസേരയില് തട്ടിവീണു കല്യാണത്തിനിടയ്ക്ക് ബഹളം വച്ചത് ഓര്മ്മയുണ്ടോ എന്ന് ചോദിച്ചു (മറ്റേ സൈഡില് ഇരുന്ന അവരാണു എന്നെ അന്ന് വിളിച്ചിട്ട് കസേരയ്ക്ക് രണ്ട് അടിയൊക്കെ കൊടുത്ത് ആശ്വസിപ്പിക്കുന്നത് എനിക്കും ഓര്മ്മയുണ്ടായിരുന്നു).

ആ ഇന്ത്യന് യാത്ര അവരുടെ മനസില് കല്ലില് കൊത്തിയ പോലെ പതിഞ്ഞു കിടപ്പുണ്ടെന്ന് തോന്നും വിധമാണു അവര് പഴയ സംഭവങ്ങള് അയവിറക്കിയതു. അന്ന് കേരളത്തില് ഒരു വലിയ ആഘോഷത്തിനിടയ്ക്കാണു (ഓണം) അവര് വന്നതെന്നു, എല്ലായിടത്തും ദീപാലങ്കാരങ്ങള് ഉണ്ടായിരുന്നെന്നും പറഞ്ഞ അവര്, ഇന്ത്യന് ഡ്രൈവര്മാര് ഭ്രാന്ത് പിടിച്ചതു പോലെയാണു വണ്ടി ഓടിക്കുന്നത് എന്നും ഓര്ക്കാന് മറന്നില്ല (നമ്മുടെ സ്വന്തം K.S.R.T.C :) ). അവര് ഒരിക്കല് ഓട്ടോയില് പോയ സമയത്ത് അവരെ തിരിഞ്ഞു നോക്കിക്കൊണ്ട് സൈക്കിള് ചവിട്ടിയ ഒരാള് പോയി ചെളിക്കുഴിയില് വീണെന്ന് അത് ഇപ്പോഴും നേരില് കാണുന്ന പോലെയുള്ള പൊട്ടിച്ചിരിയ്ക്കിടയിലാണു അവര് പറഞ്ഞു നിറുത്തിയത്. ഹൈവേയില് ഒരിക്കല് ഒരു ആന കുറുകേ നടന്നത് മൂലമുണ്ടായ ഗതാഗത തടസവും അവര് ഒരു ചെറുചിരിയോടെ ഇന്നും ഓര്ക്കുന്നു.

ഞാന് അവര്ക്കായി കൊണ്ട് ചെന്ന ബൊക്കെ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും എന്റെ അടുത്ത് വന്ന് പ്രത്യേകം ഒരുപാട് നന്ദി പറയുകയും ചെയ്തു (ഇരുപത് വര്ഷം മുന്പ് വരെ - അതായത് മാമന് അവിടെ നിന്നു പോരുന്നത് വരെ - അവര് എനിക്ക് ഒരുപാട് ചോക്കളേറ്റുകള് കൊടുത്ത് വിട്ടിരുന്നതിന്റെ നന്ദി ഞാന് പറഞ്ഞിട്ടേയില്ല എന്ന് അവര് ഓര്ത്ത് കാണില്ല ).

ദ്വിഭാഷികള് മുഖേനയുള്ള സംസാരം തൃപ്തികരമായിരുന്നെങ്കിലും, അത് വളരെ സാവധാനത്തിലായിരുന്നു. അതിനാല് ഇനി വരുമ്പോള് ജര്മന് ഉറപ്പായും പഠിച്ചുകൊണ്ട് വരേണമെന്ന് എന്നോട് പറഞ്ഞു (താരതമ്യേന ചെറിയ ഫ്രഞ്ച് ഭാഗത്തെ അപേക്ഷിച്ച്, സ്വിസ് ജര്മന് ഭാഗത്തില് എത്തിപ്പെട്ടിരുന്നെങ്കില് എന്ന് ഞാന് വെറുതേ ആലോചിച്ച് പോയി). വിശേഷങ്ങളെല്ലാം പറഞ്ഞിരിയ്ക്കുന്നതിനിടയ്ക്ക് തന്നെ ഞങ്ങളെ കാപ്പി കുടിയ്ക്കാനായി അവര് ഊണുമുറിയിലേയ്ക്ക് കൊണ്ട് പോയി. വിഭവങ്ങളെല്ലാം, അവര് തനിയെ ഉണ്ടാക്കിയതായിരുന്നു. എനിക്കായി മാത്രം ഈ എഴുപത്തേഴാമത്തെ വയസ്സിലും അവര് സൂപ്പര് മാര്ക്കറ്റില് പോയി സാധനങ്ങളെല്ലാം വാങ്ങി സ്റ്റ്രോബെറി കേക്ക് ബേക്ക് ചെയ്തിരിക്കുന്നു!! കൂടെ കഴിക്കാനായി റൊട്ടി, പേസ്റ്റ്രി, കാപ്പി, കണ്ടപ്പോള് തന്നെ മനസും കണ്ണും നിറഞ്ഞു.

ഇടയില് അവരെല്ലാം കൂടി ജോസ് മാമനെ ഫോണ് വിളിച്ചു. അവര് ഒരുപാട് കാര്യങ്ങള് ഒത്തിരി വേഗത്തില് പറയുന്നുണ്ടായിരുന്നു.. ഞങ്ങളുടെ ദ്വിഭാഷികള് കൂടെ എത്താന് വളരെ കഷ്ടപ്പെട്ടു(അവരെ സംബന്ധിച്ചിടത്തോളം, ഒരു വാചകം കേട്ട്, മനസിലാക്കി, പരിഭാഷപ്പെടുത്തി പറയുന്നതിനിടയ്ക്ക് ടെലിഫോണ് സംഭാഷണം ഒരുപാട് മുന്നോട്ട് പോയിരിക്കും). ഫോണ് സംഭാഷണം കഴിഞ്ഞതും സ്വാഭാവികമായി ഞങ്ങളുടെ സംസാരം ജോസ് മാമനിലേയ്ക്ക് തിരിഞ്ഞു. എനിക്കും കേള്ക്കാന് താല്പര്യമുള്ള ഒരു വിഷയമായിരുന്നു, പത്ത് മുപ്പത് വര്ഷങ്ങള്ക്ക് മുന്പേ ഒരു പേയിംഗ് ഗസ്റ്റായി വന്ന ഒരിന്ത്യാക്കാരന് ഇവിടെ എങ്ങനെ ജീവിച്ചു എന്നത്. ജോസ് മാമനെ വളരെ അവര്ക്കിഷ്ടമായിരുന്നു (സ്വന്തം മകനെപ്പോലെ). ജോസ് മാമനുമായി കടകളില് കയറിയിറങ്ങിയതും, എന്ത് വേണമെന്നു തര്ക്കിച്ചതും, പിന്നെ മാമനു്‌ കല്യാണം കഴിക്കാന് വേണ്ടി ഒരു പെണ്കുട്ടിയെ കണ്ടുപിടിച്ചതുമടക്കം ഒരുപാട് കാര്യങ്ങള് അവര് എനിക്കു പറഞ്ഞു തന്നു. പക്ഷേ ജോസ് മാമന് ഒരിക്കലും അവിടെ സ്ഥിരതാമസത്തിനു തയ്യാറായിരുന്നില്ല എന്നും അവര് ഓര്ക്കുന്നു.

ഈ പ്രായത്തില് അവര് ഒറ്റയ്ക്കായിരിക്കുന്നു, ൭൭-ആം വയസ്സില് ലിഫ്റ്റില്ലാത്ത ഒരു ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണു അവര്. ഭര്ത്താവ് മരിച്ചതില് പിന്നെ തീര്ത്തും ഒറ്റയ്ക്ക്. മക്കളെല്ലാം വിദേശങ്ങളില്. പക്ഷേ ലോല ഇതൊന്നും കൂസാതെ ജീവിക്കുകയാണു്‌. സന്ദര്ശകരെ കാണുന്നത് ഒരു ഉത്സവം പോലെ ആണവര്ക്കെ. വിരസത അധികമാകുമ്പോള് പുതിയ സ്ഥലങ്ങളിലേയ്ക്ക് യാത്രകള് നടത്തുന്നു, തീര്ത്തും ഏകയായി. ഇപ്പോഴും ദീര്ഘദൂര ഡ്രൈവിംഗ് ഒരു ഹരമാണു. കഴിഞ്ഞ തവണയും ജര്മന് പോലീസ് ഓവര്സ്പീഡിനു ഫൈന് അടിച്ചു എന്ന് ഒട്ടൊരു അഭിമാനത്തോടെ തന്നെ ഞങ്ങളോട് പ്രസ്താവിച്ചു.

ഞങ്ങളെല്ലാവരും അന്ന് അവിടെ താമസിക്കാന് അവര് ഒരുപാട് നിര്ബന്ധിച്ചു. യാത്ര പറഞ്ഞിറങ്ങാന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. (മൂന്നാം വയസ്സില് കണ്ട് മുട്ടിയപ്പോള് മുതല് അവര് എന്നെ ലിറ്റില് ജോസ് എന്ന് ഉറപ്പിച്ചിരുന്നു). അവസാനം ഇറങ്ങാന് നേരം കവിളത്ത് ഒരുമ്മയും തന്ന് അവര് എന്നെ യാത്രയാക്കി. ഇനിയും മടങ്ങി വരൂ എന്നോര്മ്മിപ്പിച്ച് കൊണ്ട്. അതേ ഞാന് മടങ്ങി വരും, ഇരുപത്തഞ്ച് വര്ഷങ്ങള്ക്ക് ശേഷവും ആ മൂന്നുവയസുകാരനെ ഓര്മ്മിക്കുന്ന ലോലയുടെ അടുത്തേയ്ക്ക്.... മനസു പറയുന്നുണ്ടായിരുന്നു.

മുന്നറിയിപ്പ്: ഇത് അടുക്കും ചിട്ടയുമില്ലാത്ത ചിതറിയ കുറേ ഓര്മ്മകളാണു, രാത്രി പന്ത്രണ്ട് മണിക്ക് ഒരു ട്രെയിനില് ഉറക്കം തൂങ്ങി കൊണ്ടിരുന്നെഴുതിയതു. അതിന്റേതായ പ്രശ്നങ്ങള് ഒരുപാട് ഉണ്ട്.
ലോല - എന്റെ മാമനെ ജര്മനിയില് അവരുടെ കൂടെ പേയിംഗ് ഗസ്റ്റായി താമസിപ്പിച്ച ആള്. അവര് മാമന്റെ കല്യാണത്തിനു പങ്കെടുക്കാന് ഇന്ത്യയില് വന്നിരുന്നു, ൧൯൮൪-ല്. അന്നാണു അവരെ ഞാന് കാണുന്നത്. പിന്നീടും അവര് ഇടയ്ക്ക് ചോക്കളേറ്റുകളും, കളിപ്പാട്ടങ്ങളുമൊക്കെ ജര്മനിയില് നിന്നും എനിക്ക് അയച്ചിട്ടുണ്ട്.

17 അഭിപ്രായങ്ങൾ:

ബിജിന്‍ കൃഷ്ണ പറഞ്ഞു...

ഹൃദ്യം.. എഴുതുന്നത് പാതിരാത്രിയിലോ, ട്രെയിനിലോ എന്നതല്ലല്ലോ കുഞ്ഞന്‍സേ കാര്യം.. ഈ ലോകത്തില്‍ സ്നേഹത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് നമുക്കൊക്കെ പ്രതീക്ഷ നല്കുന്നത് ഇത്തരം കൊച്ചു കൊച്ചു കണ്ടുമുട്ടലുകളും സംഭാഷണങ്ങളും അല്ലേ.. ബന്ധങ്ങളുടെ ആഴവും പരപ്പും ഹൃദയത്തിന്റെ ഭാഷയില്‍ ലളിതമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങള്‍..!!

ശ്രീ പറഞ്ഞു...

മനസ്സില്‍ തട്ടുന്ന അവതരണം. ഏതു നാട്ടിലായാലും സ്നേഹിയ്ക്കുന്നവരുണ്ടെങ്കില്‍ അവരോടൊത്ത് ചിലവഴിയ്ക്കുന്ന നിമിഷങ്ങള്‍ എത്ര സന്തോഷകരമാണ് അല്ലേ?
:)

കുമാരന്‍ പറഞ്ഞു...

തുറന്നു പറയട്ടെ.
കുറച്ചു കൂടി നന്നാക്കാമായിരുന്നു.
ലോല എന്നു കേട്ടപ്പോ ഞാന്‍ വായിച്ചു തുടങ്ങിയത്
പദ്മരാജന്റെ ആ പ്രശസ്ത ചെറുകഥയെ മനസ്സില്‍ കണ്ടായിരുന്നു. അവസാനം ആ മുന്നറിയിപ്പു കണ്ടപ്പോളാണു മനസ്സിലായത് വേറെയും ലോലകളുണ്ടെന്നു.

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: ഒരു കാര്യം മാത്രം മനസ്സിലായില്ല”അതിന്റേതായ പ്രശ്നങ്ങള് ഒരുപാട് ഉണ്ട്.“ എന്താണാവോ പ്രശ്നങ്ങള്‍!!!!

എന്നാലും മൂന്ന് വയസ്സൂകാരന്റെ ഒരു ഓര്‍മ്മശക്തിയേ!!!! ;)

smitha adharsh പറഞ്ഞു...

നല്ല ഓര്‍മകളും,ഹൃദ്യമായ വിവരണവും...

Rare Rose പറഞ്ഞു...

ഹൃദ്യമായ ചില ഓര്‍മ്മകള്‍...ഒറ്റയ്ക്കായിട്ടും ,ഇത്രേം പ്രായമായിട്ടും മിടുക്കിയായി ജീവിക്കുന്ന അവരോട് സ്നേഹവും ആദരവും തോന്നുന്നു..:)

അരുണ്‍ കായംകുളം പറഞ്ഞു...

മറ്റൊരു രാജ്യത്ത് ജനിച്ച ഒരു ലോല.ഇന്ത്യയില്‍ ജനിച്ച കുഞ്ഞന്‍സ്.ദൈവത്തിന്‍റെ ഒരോ കളികളേ...

നചികേതസ്സ് പറഞ്ഞു...

)-

സിമി പറഞ്ഞു...

നിന്റെ വിശപ്പ് അവരല്ല, എല്ലാരും ഓര്‍ത്തിരിക്കുമെഡാ. :)

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

ലോല ഓര്‍മ്മകള്‍ നന്നായി.അപ്പോ ജര്‍മ്മന്‍ പഠിക്കല്ലേ.

benny പറഞ്ഞു...

കുഞ്ഞന്‍സിനു ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ലോലയെ അവരുടെ വീട്ടില്‍ ചെന്നുകാണുവാന്‍ കഴിഞ്ഞതും...ഇപ്പോഴും കുഞ്ഞന്‍സിനെ അവര്‍ മറന്നിട്ടില്ലാ എന്നതും വായിച്ചപ്പോള്‍ ഒത്തിരി സന്തോഷം തോന്നി...

എനിക്കുമുണ്ട് ഈ ലോലയെപ്പോലെ ഒരു ഇറ്റാലിയന്‍ ലോല.... ലോറന്‍സാ...
ഏഴുവര്‍ഷമായ് ഞാന്‍ അവരെ തിരയുകയാണ്...

ലോറന്‍സാ പണ്ടു ഞങ്ങളുടെ വീട്ടില്‍ വന്നതും, രാത്രി പാറപ്പുറത്തുകിടന്നു നക്ഷത്രങ്ങളെപ്പറ്റി പറഞ്ഞതും ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍ക്കുന്നു. പാലപ്പൂവിന്റെം പാരിജാതത്തിന്റെം മണമുള്ള നാട്ടില്‍ ഒരു കുടിലുകെട്ടി താമസിക്കാന്‍ ആഗ്രഹിച്ച ഒരു ലോല... രാവിലെ, യൂറോപ്യന്‍ സ്റ്റൈല്‍ ടോയിലറ്റില്ലാത്ത വീട്ടിലെ അന്തേവാസികളുടെ ഭയാശങ്കകളെ കാറ്റില്പറത്തി ഒരു സാധാരണ നാട്ടിന്‍പുറത്തുകാരിയെപ്പൊലെ പാലമരത്തിന്റെ മറപറ്റി കയ്യാലപ്പുറത്തിരുന്ന ലോല....

കുഞ്ഞന്‍സ്‌ പറഞ്ഞു...

ബിജിന് :) ആദ്യ കമന്റിനു നന്ദി...

ശ്രീ :) അതേ ഒരുപാട് സന്തോഷം തോന്നി...

കുമാരാ :) തുറന്നു പറഞ്ഞതിനു നന്ദി. ഇനി കൂടുതല് ശ്രദ്ധിക്കാം... (ലോല എന്നത് അവരുടെ പേരു തന്നെയാണു്‌)

ചാത്താ :) എനിക്ക് ഓര്മ്മയുള്ളതു തന്നെയാടാ.. ശ്ശെടാ കുട്ടിച്ചാത്തന്മാര്ക്കു പോലും മനുഷ്യനെ വിശ്വാസമില്ല എന്തൊരു ലോകം.. (അമേരിക്കന് യാത്ര എന്റെ മൂന്നാമത്തെ പറക്കല് എന്നു പറഞ്ഞ് വരുമെന്ന് പ്രതീക്ഷിച്ചു, കണ്ടില്ലല്ലോടേയ് )

സ്മിത :) നന്ദി

അപൂര്വ്വമായ റോസാപ്പൂ :) ജര്മനിയില് വയസ്സായവരുടെ സംഖ്യ ഒരുപാട് കൂടുതല് ആണത്രേ.. ശരിക്കും കഷ്ടമാണു പലരുടേയും കാര്യം... ഒരു ദിവസം രാവിലേ വെയിലത്ത് ഒരു ചെറിയ കച്ചേരിക്കു ചുറ്റും ഇരിക്കുന്ന ആളുകളെ കണ്ടു.. ൯൯ ശതമാനം പേരും വയസ്സായവരായിരുന്നു...

കായംകുളം കൊച്ചുണ്ണി :) ദൈവത്തിന്റെ കളികളല്ലേ മൊത്തം...

നചികേതസ്സ് (:

സിമി :) നിന്നെകൊണ്ട് തോറ്റു.. :(

ബെന്നിച്ചേട്ടാ :) നമുക്ക് ലോറയെ കണ്ടുപിടിക്കാമെന്നേ... ഒരു വലിയ സര്പ്രൈസ് ആയിരിക്കും അതു... :)

ജിഹേഷ് പറഞ്ഞു...

:)

സു | Su പറഞ്ഞു...

ഞാനിപ്പോഴാ വായിച്ചത്. വെറുതെയല്ല, സ്നേഹത്തോടെ തന്നെ കൊടുത്തയച്ചതായിരുന്നു എന്ന് മനസ്സിലായതുകൊണ്ട് ആ ചോക്ലേറ്റിന്റെ മധുരം വളരെക്കാലം കഴിഞ്ഞാണെങ്കിലും എനിക്കും കിട്ടി. :) അവർ നാട്ടിൽ വന്നതൊക്കെ ഓർക്കുന്നുണ്ടല്ലോ. ഇന്നു കണ്ടവരെ നാളെ മറക്കുന്ന ഈ കാലത്തും.

കുഞ്ഞന്‍സ്‌ പറഞ്ഞു...

ജിഹേഷ് :)
സു :)
(ഓ.ടോ. ചോക്കളേറ്റ് ഇഷ്ടമാണല്ലേ :) )

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

ഓര്‍മകള്‍ - ചിതറിപ്പോയാലും തിളക്കം കുറയാത്തവ.
നന്നായി.

കുഞ്ഞന്‍സ്‌ പറഞ്ഞു...

ലേശം ജർമ്മൻ ആംഗ്യഭാഷയുടെ സഹായത്തോടെ സംസാരിക്കാറായി എന്ന വിശ്വാസത്തോടെ ഒന്നൂടെ ലോലയുടേ അടുത്തേയ്ക്ക് പോയി.. വിചാരിച്ചത്ര എളുപ്പമല്ല.. പറയുന്നതിൽ പകുതിയോളം മനസ്സിലാകുന്നുണ്ട്.. എനിക്ക് വേണ്ടി വേഗത കുറച്ചാണു് സംസാരിക്കുന്നത്... അതുകൊണ്ട് തന്നെ സംസാരിക്കുന്നത് ചെറുപ്പക്കാർ പറയുന്ന ജർമ്മനേക്കാളും പെട്ടെന്നു മനസിലാകും.. ലോലയുടെ പഠനകാലത്ത് ജർമ്മൻ മാത്രമേ പഠിക്കാൻ സമ്മതിച്ചിരുന്നുള്ളൂ.. അല്ലെങ്കിൽ എന്നോട് ഇംഗ്ലീഷ് പറയാൻ പറ്റിയേനെ എന്നുപറഞ്ഞു :)

സത്യത്തിൽ നാലു വർഷം മുൻപ് കണ്ട അതുപോലെ ഇരിക്കുന്നു... വലിയ വ്യത്യാസങ്ങളൊന്നുമില്ല.. ആരോഗ്യം വലിയ കുഴപ്പമില്ലാതെ പോണു.. മകൻ ഹോളണ്ടിലാണു്.. തനി ജർമ്മൻ സ്വഭാവം! ഇപ്പോഴും കാറോടിക്കുന്നു.. വയ്യാതായാൽ വരുന്നിടത്ത് വച്ച് കാണാമെന്ന ചങ്കൂറ്റത്തിനു ഒരു കുറവുമില്ല.. ഏകാന്തത മാത്രമാണു് ഒരേയൊരു പ്രശ്നം.. അതിനെയും വെറുതേ വിടാൻ തയ്യാറല്ല.. എന്നും രണ്ട് മണിക്കൂർ നടക്കാൻ പോകും.. പിന്നെ ആഴ്ചയിലൊരിക്കൽ നീന്താൻ പോകും.. ഒരു ദിവസം ഏയ്രോബിക്സും.. പുസ്തകവായന മടുത്തു.. വീട്ടിൽ പുതിയ ടിവി വാങ്ങിച്ചു.. പഴേത് കളഞ്ഞു.. ഒരു പത്തിരുപത് ചെടികൾ വളർത്തുന്നു.. റോസയൊക്കെ കൃത്യമായി കത്രിച്ച് നിറുത്തിയിരിക്കുന്നു.. .

ഇതൊക്കെയാണെങ്കിലും വയസ്സാകുന്നത് ഒരു പ്രശ്നമാണെന്ന് സമ്മതിച്ചു ലോല.. നാട്ടിലെ വയസ്സായവർ എത്ര ഭാഗ്യമുള്ളവരാണെന്നാലോചിച്ച് പോയി ഞാൻ .. ഒന്നുമില്ലെങ്കിലും അയലത്തെ വീട്ടിലെങ്കിലും ഒരു അഞ്ച് മിനിട്ട് പോയി മിണ്ടാമല്ലോ, ല്ലേ..